കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യക്കവലയ്‌ക്കു സമീപം റോഡരികിലെ പാടത്ത് എംബാം ചെയ്‌ത മൃതദേഹത്തിലെ ആന്തരികാവയവങ്ങൾ ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു. അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയിൽ ക്രിസ്‌മോൻ ജോസഫ് (38) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ് അറസ്റ്റ് ചെയ്‌തത്. കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ എംബാം ചെയ്‌ത പാലാ സ്വദേശിനിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇവർ റോഡരികിൽ തള്ളിയത്.

ഇന്നലെ ഉച്ചയോടെ റോഡരികിൽ രക്തം പുരണ്ട ബക്കറ്റ് കണ്ട് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ ആന്തരിക അവശിഷ്‌ടങ്ങളാണ് ബക്കറ്റിനുള്ളിലെന്ന് വ്യക്തമായത്. ഇത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം ഡോക്‌ടർമാർ എത്തി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കരിപ്പാൽ ആശുപത്രിയിൽ നിന്ന് രാത്രി ആംബുലൻസിൽ അവശിഷ്ടവുമായി പ്രതികൾ എത്തിയതാണെന്ന് കണ്ടെത്തി. രണ്ടായിരം രൂപയാണ് ഇതു മറവ് ചെയ്യുന്നതിന് ഇവർ കൂലി വാങ്ങിയത്. മുൻപും ഇവർ ഇത്തരത്തിൽ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ തള്ളിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജുകളിൽ ആശുപത്രിയിൽ എംബാം ചെയ്ത ശേഷമുള്ള മൃതദേഹാവശിഷ്‌‌ടങ്ങൾ സംസ്‌കരിക്കാൻ ആധുനിക സംവിധാനമുണ്ട്. എന്നാൽ, പല സ്വകാര്യ ആശുപത്രികളിലും അതില്ല.