പൊൻകുന്നം : ഏറെ പ്രതീക്ഷയോടെ കെട്ടിപ്പൊക്കിയ ഇരുനില കെട്ടിടത്തിന് നമ്പരിടാൻ വഴിതേടി ഏഴുവർഷമായി പ്രവാസി അലയുന്നു. പൊൻകുന്നം - പാലാ റോഡിൽ അട്ടിക്കലിൽ 2012ൽ നിർമിച്ച കെട്ടിടത്തിന് രേഖകളെല്ലാം ശരിയായിട്ടും ചിറക്കടവ് പഞ്ചായത്ത് നമ്പരിട്ട് നൽകുന്നില്ലെന്നാണ് പൊൻകുന്നം ശിവവിലാസം സലിയുടെയും ഭാര്യ നിർമലയുടെയും പരാതി. രണ്ടുതവണ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. പ്രശ്‌നം തീർപ്പാക്കാൻ കോടതി നിർദ്ദേശിച്ചിട്ടും കോടതിയുടെ വിധി നടപ്പാക്കിയെന്ന് അറിയിക്കുകയാണ് അതത് കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാർ ചെയ്തത്.

ചിറക്കടവ് സർവീസ് സഹകരണബാങ്കിൽ നിന്ന് വസ്തു ഈടിന്മേൽ 15 ലക്ഷം രൂപ വായ്പയെടുത്താണ് കെട്ടിടം പണിതത്. പ്ലാൻ സമർപ്പിച്ച് പെർമിറ്റും നേടിയിരുന്നു. നമ്പർ ലഭിക്കാത്തതിനാൽ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാതെ കടക്കെണിയിലാണെന്ന് സലി പറഞ്ഞു. നിലവിൽ പലിശ മാത്രമടച്ച് ജപ്തി നടപടിയിൽ നിന്ന് ഒഴിവായിരിക്കുകയാണ്. കെട്ടിടത്തിന്റെ വശങ്ങളിൽ തുറസായ സ്ഥലം നിശ്ചിത അളവിൽ ഇല്ലെന്നാണ് പഞ്ചായത്ത് കോടതിയെ ധരിപ്പിച്ചത്. കെട്ടിടത്തിന്റെ വശങ്ങളിൽ 93115100 സെ.മീ അളവുണ്ടെന്നാണ് ഉടമയുടെ വാദം. 251420 സെ.മീ എന്ന് തെറ്റായി കോടതിയെ ധരിപ്പിക്കുകയാണ് സെക്രട്ടറി ചെയ്തതെന്നും ഇദ്ദേഹം പരാതിപ്പെടുന്നു. ഉടമയുടെ മൊഴി രേഖപ്പെടുത്തി വിഷയം തീർപ്പാക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ സെക്രട്ടറി മൊഴി എടുത്ത് നമ്പർ നൽകാമെന്ന് അറിയിച്ചു. പക്ഷെ, വീണ്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കോടതിയിൽ തെറ്റായ അളവുകൾ ഹാജരാക്കി വിധി നടപ്പാക്കിയെന്ന് വരുത്തി തീർക്കുകയായിരുന്നു.

പഞ്ചായത്തിന്റെ വാദം

പ്ലാനിന് വിരുദ്ധമായാണ് നിർമ്മാണം

5 മീറ്റർ ദൂരപരിധി ലംഘിച്ചു

സലിയുടെ മറുപടി

പഞ്ചായത്ത് രാജ് നിയമത്തിൽ കെ.എസ്.ടി.പി.റോഡിൽ നിന്ന് മൂന്നുമീറ്റർ ദൂരപരിധി മതി. അതല്ലാതെ അഞ്ചുമീറ്റർ പരിധി ആവശ്യപ്പെടാൻ കെ.എസ്.ടി.പി.ക്ക് അധികാരമില്ല. ഇക്കാര്യം പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്.


ചോർച്ച പരിഹരിക്കുന്നതും തടഞ്ഞു
അനധികൃത നിർമാണങ്ങൾക്ക് 2017 ജൂലായ് 31 വരെ പിഴയീടാക്കി ക്രമീകരിക്കാൻ നിയമമുണ്ടായിട്ടും ചെയ്തില്ല. ചോർച്ച പരിഹരിക്കാൻ റൂഫിംഗ് ജോലി തുടങ്ങിയപ്പോൾ രാഷ്ട്രീയ സമ്മർദ്ദത്താൽ പഞ്ചായത്ത് തടഞ്ഞെന്നും കുടുംബം പരാതിപ്പെടുന്നു. അനധികൃത കെട്ടിടനിർമാണങ്ങളുടെ ക്രമീകരണത്തിനുള്ള പരാതികളെല്ലാം ഡി.ഡി.പി.ക്ക് അയച്ച് പിന്നീട് ടൗൺപ്ലാനറാണ് തീരുമാനമെടുക്കുന്നതെന്നും, കെട്ടിടനിർമാണച്ചട്ടം പാലിക്കാത്തതിനാലാണ് ക്രമവത്ക്കരിക്കാത്തതെന്നും പഞ്ചായത്ത് പറയുന്നു.