കോട്ടയം: തെങ്ങണയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കുമാരനല്ലൂർ മംഗലത്ത് ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർ (48), കൊല്ലം തിരുമുല്ലവാരം പുന്നത്തല മഹാലക്ഷ്മി ഭവനിൽ നരേന്ദ്രന്റെ മകൻ കാർത്തിക് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.10നായിരുന്നു അപകടം.

മാരുതി സെൻ കാറിൽ എതിരെ എത്തിയ സൈലോ കാർ ഇടിച്ചാണ് അപകടം. സെന്നിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.

പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ച കാർത്തിക് 12.15 ഓടെയും അനിൽകുമാർ രണ്ടു മണിയോടെയും മരിച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, തൃക്കൊടിത്താനം സി.ഐ സാജു വർഗീസ്, എസ്.ഐ ലാൽജി എന്നിവർ സ്ഥലത്തെത്തിയിരുന്നു.

മാമ്മൂട് സ്വദേശി മറാട്ടുകുളം ആരോൺ (19) ആണ് സൈലോ ഓടിച്ചിരുന്നത്. ആരോണിനെ പൊലീസ് അറസ്റ്റ് ചെയ്തു.അമിത വേഗതയിലാണ് സൈലോ എത്തിയതെന്ന് തെങ്ങണയിലെ രാത്രികടക്കാർ പറഞ്ഞു.

കറുകച്ചാലിലെ ഫ്രണ്ട്സ് കട ഉടമയാണ് മരിച്ച കാർത്തിക്. അനിൽ കുമാർ ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും. കടയടച്ച് ഇറങ്ങിയ കാർത്തിക്ക് അനിൽകുമാറിനെ കുമാരനല്ലൂരിലുള്ള വീട്ടിൽ കൊണ്ടുപോയി വിടാൻ പോകുമ്പോഴായിരുന്നു അപകടം. തൃക്കൊടിത്താനം സി.ഐ ഇൻക്വസ്റ്റ് തയാറാക്കിയശേഷം ഇരു മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിനായി ഇന്ന് രാവിലെ കോട്ടയം മെ‌‌ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.