കോട്ടയം: ആർപ്പൂക്കര മണിയാപറമ്പിൽ ഇന്നലെ കണ്ടെത്തിയത് 84കാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ. കളത്തിപ്പടി കരിപ്പാൽ ആശുപത്രിയിൽ എംബാം ചെയ്‌ത പാലാ സ്വദേശിനിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് റോഡരികിൽ കണ്ടെത്തിയതെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സൂര്യക്കവലയ്‌ക്കു സമീപം റോഡരികിലെ പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ട് ആംബുലൻസ് ഡ്രൈവർമാർ പിടിയിലായി. മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുവന്ന ആംബുലൻസുകളും കസ്റ്റഡിയിലെടുത്തു.
ആംബുലൻസ് ഡ്രൈവർമാരായ അമയന്നൂർ താഴത്ത് വീട്ടിൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയിൽ ക്രിസ്‌മോൻ ജോസഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മൃതദേഹാവശിഷ്ടങ്ങൾ മറവുചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവർ 15,000 രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഗാന്ധിനഗർ സി.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്ത ഡ്രൈവർമാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ ഉച്ചയോടെ റോഡരികിൽ രക്തം പുരണ്ട ബക്കറ്റ് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ ആന്തരിക അവശിഷ്‌ടങ്ങളാണ് ബക്കറ്റിലുണ്ടായിരുന്നതെന്ന് വ്യക്തമായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം ഡോക്‌ടർമാർ എത്തി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കരിപ്പാൽ ആശുപത്രിയിൽ നിന്ന് രാത്രി ആംബുലൻസിൽ അവശിഷ്ടവുമായി എത്തിയിരുന്നതായി കണ്ടെത്തിയത്.
പശുവിനെ കെട്ടാൻ പോയ വീട്ടമ്മയാണ് മൃതദേഹ അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ച നിലയിൽ ബക്കറ്റ് കണ്ടെത്തിയത്. ഗൃഹനാഥനോട് വിവരം പറഞ്ഞതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബക്കറ്റ് കിടന്നതിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധർ എത്തി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടമാണിതെന്ന് തീർച്ചപ്പെടുത്തിയതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
കോട്ടയത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള ആശുപത്രികൾ കയറിയിറങ്ങിയാണ് പൊലീസ് കേസിന് തുമ്പുണ്ടാക്കിയത്. എവിടെയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹങ്ങൾ എംബാം ചെയ്തുവെന്ന് മനസിലാക്കിയ സി.ഐ അനൂപ് ജോസ് താമസിയാതെ ആംബുലൻസ് ഡ്രൈവർമാരെ പിടികൂടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹാവശിഷ്‌ടങ്ങൾ സംസ്‌കരിക്കാൻ ആധുനിക സംവിധാനമുണ്ട്.