ചങ്ങനാശേരി: ഒരാഴ്ചയോളം നീണ്ട പെരുമഴ. ജീവിതം പറിച്ചുനട്ടത് ദുരിതാശ്വാസക്യാമ്പുകളിൽ. മഴയ്ക്ക് ശമനമായെങ്കിൽ ചങ്ങനാശേരി മനയ്ക്കച്ചിറ എ.സി കോളനിയിൽ നിന്ന് ദുരിതം ഇറങ്ങിയിട്ടില്ല. ഒരുവശത്ത് ഗതാഗതതടസം, മറുവശത്ത് പകർച്ചവ്യാധി ഭീഷണി. കാലവർഷം എല്ലാവർഷവും എ.സി കോളനി നിവാസികൾക്ക് നൽകുന്നത് തീരാദുരിതമാണ്. ഈ വർഷവും അത് തെറ്റിയില്ല. മേഖലയിൽ ഈ വർഷം മാത്രം മുപ്പതിലേറെ ക്യാമ്പുകൾ ഉണ്ടായി. ഇനി അവശേഷിക്കുന്നത് പതിനൊന്ന് ക്യാമ്പുകളാണ്. വെള്ളം പൂർണ്ണമായി ഒഴിയുന്ന മുറയ്ക്ക് ഈ ക്യാമ്പുകളും പിരിച്ചുവിടും. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് എത്തിയാലും കാര്യം അത്രപന്തിയല്ല. വെള്ളക്കെട്ടിൽ പല വീടുകളും അപകടാവസ്ഥയിലാണ്. ദിവസങ്ങളോളം ജലനിരപ്പ് ഉയർന്നുനിന്നതിനാൽ പ്രദേശത്താകെ മാലിന്യവുമുണ്ട്. പല വീടുകളിൽ പോലും മാലിന്യം കുമിഞ്ഞുകൂടിയിരുന്നു. ഇത് വലിയ ആശങ്കയാണ് പ്രദേശവാസികൾക്ക് സമ്മാനിക്കുന്നത്. അധികൃതർ ക്യാമ്പുകളിൽ അലോപ്പതി ആയുർവേദ ചികിത്സ ഉറപ്പുവരുത്തിയെങ്കിലും എ.സി കോളനി പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയുണ്ട്. മുമ്പ് എ.സി റോഡരികിൽ വലിയ തോതിൽ മാലിന്യം തള്ളിയിരുന്നു. ജലനിരപ്പ് ഉയർന്നപ്പോൾ ഈ മാലിന്യം പ്രദേശമാകെ ഒഴുകിപ്പരന്നിരുന്നു.

ജലനിരപ്പ് താഴുന്നുണ്ടെങ്കിൽ എ.സി റോഡിൽ ഗതാഗതം ഭാഗീകമായി മാത്രമാണ് പുനസ്ഥാപിച്ചിട്ടുള്ളത്. പള്ളിക്കൂട്ടുമ്മ മുതൽ മങ്കൊമ്പ് വരെ റോഡിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഇനിയും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട. ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി സർവീസ് ഉൾപ്പെടെ പൂർണ്ണതോതിൽ പുനസ്ഥാപിക്കാമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. കെ.എസ്.ആർ.ടി.സി സർവീസ് പുനസ്ഥാപിച്ചെങ്കിൽ മാത്രമേ കുട്ടനാട്ടിലെ ഉൾനാടൻ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പൂർണ്ണമായും ഒഴിയുകയുള്ളൂ.