കോട്ടയം: സ്വകാര്യ ആശുപത്രികളിൽ എംബാം ചെയ്യുന്ന ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ എന്തെങ്കിലും സംവിധാനമുണ്ടോ? അതില്ലാത്ത ആശുപത്രികൾക്കെതിരെ എന്തെങ്കിലും നടപടി എടുക്കുമോ?

ആർപ്പൂക്കര മണിയാപറമ്പ് സൂര്യാകവലയിൽ മൃതദേഹത്തിന്റെ അവശിഷ്ടം തള്ളിയതിന് സ്വകാര്യ ആശുപത്രി അധികൃതരെ ഒഴിവാക്കി രണ്ട് ആംബുലൻസ് ഡ്രൈവർമാരെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസ് അവസാനിപ്പിച്ചപ്പോഴാണ് ഈ ചോദ്യം ഉയരുന്നത്.

കെ.കെ .റോഡിൽ കളത്തിപ്പടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ശരീരാവശിഷ്ടമായിരുന്നു മണിയാപറമ്പിൽ തള്ളിയത്. ഗുരുതര രോഗങ്ങൾക്ക് പോലും കാരണമാകാവുന്ന മനുഷ്യന്റെ ആന്തരിക അവയവങ്ങൾ അടങ്ങിയ മാലിന്യങ്ങൾ നടുറോഡിൽ വലിച്ചെറിയാൻ രണ്ട് ഡ്രൈവർമാരുടെ കൈയിൽ കൊടുത്തയച്ച ആശുപത്രി മാനേജ്‌മെന്റാണ് ഈ കാര്യത്തിൽ യഥാർത്ഥ പ്രതികൾ .ആശുപത്രി അധികൃതർ നൽകിയ രണ്ടായിരം രൂപ വാങ്ങി ഇത് പൊതു വഴിയിലെറിഞ്ഞ സുനിൽകുമാർ, ക്രിസ് മോൻ ജോസഫ് എന്നീ ആംബുലൻസ് ജീവനക്കാരെ മാത്രം പ്രതികളാക്കിയത് ആശുപത്രി അധികൃതരെ രക്ഷിക്കാനാണ് . മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാതെ തള്ളുന്നത് ക്രിമിനൽ കുറ്റമാണ്.

ജില്ലയിലെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും രോഗികളുടെ അവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഇല്ല. മാലിന്യങ്ങൾ സ്ഥിരമായി റോഡിൽ വലിച്ചെറിഞ്ഞിരുന്നതായാണ് ഡ്രൈവർമാർ പൊലീസിനു നൽകിയ മൊഴി. കുടി വെള്ളത്തിൽ അടക്കം ഈ മാലിന്യങ്ങൾ ഒഴുക്കിയിരുന്നു.

ആശുപത്രിക്കെതിരെ നടപടി എടുക്കേണ്ടത് പൊലീസ്: ഡി.എം.ഒ

ആശുപത്രി മാലിന്യങ്ങൾ പൊതു സ്ഥലത്ത് തള്ളിയതിന്റെ പേരിൽ സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് നടപടി എടുക്കാനാവില്ല . പൊലീസാണ് നടപടി എടുക്കേണ്ടത്. മനുഷ്യ ശരീരഭാഗങ്ങൾ, പ്രസവശേഷമുള്ള അവശിഷ്ടങ്ങൾ തുടങ്ങിയവ യഥാവിധി ആശുപത്രി അധികൃതർ സംസ്കരിക്കണം. ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ പ്രത്യേക നിയമമുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇവ സംസ്കരിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുന്നുണ്ട്. ഇതൊന്നും ചെയ്യാതെ ആംബുലൻസ് ഡ്രൈവറുടെ കൈവശം കൊടുത്തുവിട്ടത് നിയമപരമായി ശരിയല്ല. ഇത്തരക്കാർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് അധികാരമുണ്ട് .

ഡോ.ജേക്കബ് വർഗീസ്

ജില്ലാ മെഡിക്കൽ ഓഫീസർ, കോട്ടയം