കോട്ടയം: ക്യാമ്പുകളിൽ നിന്നു പലരും വീടിന്റെ ആശ്വാസ തുരുത്തുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. ചെങ്ങന്നൂരിലും കുട്ടനാട്ടിലും കുമരകത്തും വീടണയുന്നവരിൽ പലരെയും കാത്തിരിക്കുന്നത് അപകടങ്ങളും വ്യാധികളുമാണ്. സർക്കാരും ആരോഗ്യവകുപ്പും മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുന്നതാണ് പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്.
കഴിഞ്ഞ പ്രളയത്തിൽ ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായിരുന്നു. വീട്ടിലെത്തുന്നവർ കിണറുകൾ വീണ്ടും ഉപയോഗിക്കുന്നതിലും വീടുകൾ വൃത്തിയാക്കുന്നതിലും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിലും ജാഗ്രത കാട്ടണം. അപ്പർ കുട്ടനാട്ടിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയെങ്കിലും പൂർണമായും ഇറങ്ങാൻ ഇനി ഒരാഴ്ചയോളം കാത്തിരിക്കണം. ഇതിനു പുറമേയാണ് വരാൻ സാദ്ധ്യതയുള്ള ജലജന്യ, വായൂജന്യ പകർച്ച വ്യാധികൾ.
വെള്ളപ്പൊക്കത്തിനു ശേഷം വീടു വൃത്തിയാക്കാനും ജലം ശുചീകരിക്കാനും വീടുകൾ അണുവിമുക്തമാക്കാനും മികച്ച രീതി ക്ലോറിനേഷനാണ്. വെള്ളപ്പൊക്കത്തിനുശേഷം ജലം അതീവ മലിനമായിരിക്കുമെന്നതിനാൽ സൂപ്പർ ക്ലോറിനേഷനാണ് നടത്തേണ്ടത്.
വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ് മീറ്റർ, സ്വിച്ചുകൾ, പ്ലഗുകൾ എന്നിവയിലൊക്കെ വെള്ളവും ചെളിയും കയറിയിരിക്കുന്നതിനാൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വീടിന്റെ പരിസരത്ത് സർവീസ് വയർ, ലൈൻ കമ്പി, എർത്ത് കമ്പി എന്നിവ പൊട്ടിയ നിലയിൽ കണ്ടാൽ സ്പർശിക്കരുത്. ഉടൻ അധികൃതരെ അറിയിക്കണം. വൈദ്യുതി മീറ്ററിനോടു ചേർന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീടു ശുചിയാക്കാൻ തുടങ്ങാവൂ. ഇൻവെർട്ടർ, സോളർ പാനൽ എന്നിവ ഉള്ളവർ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്ഷൻ വിച്ഛേദിക്കണം.
എലിപ്പനി
ഡെങ്കിപ്പനി...
# പ്രളയശേഷം മൂന്നാമത്തെ ആഴ്ചയുടെ അവസാനമാണ് എലിപ്പനി ആരംഭിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ പനി ബാധിച്ചാൽ ആദ്യദിനം തന്നെ എലിപ്പനിയുടെ ചികിത്സ ആരംഭിക്കണം. ശുചീകരണത്തിനിടെ കൈകാലുറകൾ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുകയും വേണം.
# മൂന്നാമത്തെ ആഴ്ചയുടെ അവസാനമോ നാലാമത്തെ ആഴ്ചയോ ഡെങ്കിപ്പനി പ്രത്യക്ഷമാകും. കൊതുകുകൾ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കണം.
# മഞ്ഞപ്പിത്തം പടരാൻ സാദ്ധ്യതയുള്ളതിനാൽ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. വെള്ളം തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കരുത്
# പനിയോടൊപ്പം ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയുമുണ്ടെങ്കിൽ എച്ച് വൺ എൻ വൺ ആണെന്ന് സംശയിക്കണം. ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.