കോട്ടയം: പെരുമഴ കൊണ്ട് പേടിപ്പിച്ചെങ്കിലും പോയ സമൃദ്ധി തിരികെ പിടിച്ച് ഓണമുണ്ണാനുള്ള തിരക്കിലാണ് ജില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനം മടങ്ങിത്തുടങ്ങിയതോടെ വിപണിയും സജീവമായി. ഇത്തവണയും ഭീതി വിതച്ച് മഴ തിമിർത്തെങ്കിലും പ്രളയം ഒഴിഞ്ഞു പോയ ആശ്വാസത്തിലാണ് വിപണി.

പെരുമഴ വലിയ നഷ്ടമുണ്ടാക്കിയെങ്കിലും ഏത്തക്കുലകളും പച്ചക്കറി വിഭവങ്ങളും വിപണിയിൽ സുലഭമാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഓണവിപണിയിൽ വലിയ വിലക്കയറ്റത്തിന് സാദ്ധ്യതയില്ലെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.

 കടകളിൽ ഓണക്കോടി റെഡി

മൂന്നാഴ്ചയേ ഓണത്തിനുള്ളൂ. കടകളിൽ ഓണക്കോടികളുടെ സ്റ്റോക്ക് എത്തിക്കഴിഞ്ഞു. മഴയൊഴിഞ്ഞ് വെയിലും വെട്ടവുമായതോടെ ചില കടകൾക്ക് മുൻപിൽ പ്രദർശിപ്പിച്ചും തുടങ്ങി. വസ്ത്രശാലകൾക്ക് മുൻപിൽ പൂമാല കൊണ്ട് അലങ്കരിച്ച് ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ജില്ലയിലെ വസ്ത്രവിപണി. ഹൈദരാബാദ്, ബംഗളുരു, സൂററ്റ്, അഹമ്മദാബാദ്, ജയ്പൂർ തുടങ്ങിയിടങ്ങളിൽ നിന്നാണ് വസ്ത്രമെത്തിക്കുന്നത്. ആദ്യ സ്റ്റോക്ക് എത്തിച്ച വ്യാപാരികൾ ഇപ്പോൾ അടുത്ത സ്റ്റോക്കിനായി പോയിരിക്കുകയാണ്.

 പൂക്കൾ പുറപ്പെട്ടു കഴിഞ്ഞു

പതിവ് പോലെ തമിഴ്നാട്ടിൽ നിന്ന് ഇക്കുറിയും പൂക്കളെത്തും. 2017 ഓണക്കാലത്ത് മുല്ലപ്പൂവിന് കിലോയ്ക്ക് 6000 രൂപ വരെ ഉയർന്നിരുന്നു. ഇപ്പോൾ 600 രൂപയായി. വാടാമുല്ല, ബന്ദി, ജമന്തി, അരളി, തെച്ചി, റോസ് തുടങ്ങിയവയ്ക്കാണ് ഓണക്കാലത്ത് ഡിമാൻഡ് .

ഇവയിൽ വാടാമുല്ലയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 200 രൂപയാണ് വില. അരളിക്ക് 350,​ റോസാപ്പൂവിന് 300 എന്നിങ്ങനെയും. ചെങ്കോട്ട, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഓണമൊരുക്കാൻ പൂക്കളെത്തുന്നത്. അരളിയും ബന്ദിയും വരുന്നത് കോയമ്പത്തൂർ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നും. ഓണം ലക്ഷ്യമിട്ട് ഇവിടങ്ങളിലൊക്കെയും പൂക്കളുടെ കൃഷി വ്യാപകമാക്കിയിട്ടുണ്ട്.

ഏത്തൻ വയനാട്ടിൽ നിന്ന്

പ്രളയം കുറേയൊക്കെ തളർത്തിയെങ്കിലും വയനാടൻ ഏത്തക്കുലകൾ ചന്തയിലെത്തിത്തുടങ്ങി. 45 മുതൽ 60 രൂപ വരെ നാടൻ ഏത്തക്കായയ്ക്ക് വിലയുള്ളപ്പോൾ വയനാടൻ കുലകൾക്ക് ഇതിലും വിലകുറവാണ്. ഓണം അടുക്കുമ്പോഴേയ്ക്കും നേന്ത്രക്കായകൾ കൂടുതലായി എത്തുമെന്ന് വ്യാപാരികൾ പറയുന്നു. ജില്ലയിലെ പച്ചക്കറി കൃഷിയെ മഴ ബാധിച്ചെങ്കിലും വെള്ളക്കെട്ട് നീണ്ടു നിൽക്കാഞ്ഞത് ഭാഗ്യമായി. ഒാണവിപണിക്കാവശ്യമായ പച്ചക്കറികൾ പലയിടത്തും ശേഷിക്കുന്നുണ്ട്. സ്വന്തമായി ജൈവപച്ചക്കറി കൃഷി ചെയ്യാൻ വീട്ടമ്മമാരടക്കം ഒട്ടേറെപ്പേർ ഇക്കുറി മുന്നോട്ടു വന്നതും വിപണിക്ക് കരുത്തായി.

ഒാഫറുകൾ, ഒാണം മേളകൾ

ഓണാഘോഷം ലക്ഷ്യമിട്ട് സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ കൈത്തറി വിപണന മേള ജില്ലാ ആശുപത്രിക്ക് സമീപം തുടങ്ങി. വ്യത്യസ്ത ഇനം സാരികൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ തുടങ്ങിയവ വിൽപനയ്ക്കുണ്ട്. 30 ശതമാനമാണ് ഇത്തവണത്തെ റിബേറ്റ്. സപ്ലൈകോയും ഹോർട്ടികോർപ്പും സംയുക്തമായി നടത്തുന്ന വിപണന മേളയും ഉടൻ തുടങ്ങും.

ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും തുടങ്ങുന്ന ഓണച്ചന്തയിൽ കുടുംബശ്രീയും പങ്കാളികളാവും. സെപ്റ്റംബർ ആദ്യവാരം ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് കടകളും സജീവമാകും.