ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇളങ്കാവ് വാർഡിലെ അമ്പലക്കോടി പ്രദേശത്തെ മൊബൈൽ ടവർ നിർമ്മാണം അനുവദിക്കാനാവില്ലെന്ന് സി എഫ് തോമസ് എം എൽ എ. പറഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അമ്പലക്കോടിയിൽ ദിവസങ്ങളായി നടത്തിവരുന്ന സമരപന്തൽ സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ജനവാസ മേഖലയിൽ ടവർ നിർമ്മാണം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബിജു കമ്പോളത്തുപറമ്പിൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ഡി വത്സപ്പൻ ചാലക്കൽ, സി .പി.എം ലോക്കൽ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി കെ കെ ഉദയകുമാർ, സമരസമിതി സെക്രട്ടറി ബിജു എസ് മേനോൻ, വാർഡ് മെമ്പർ വത്സല മോഹൻ, ബിനു സോമൻ, ഹരി കെ നായർ എന്നിവർ പങ്കെടുത്തു.