പാലാ : കൊട്ടാരമറ്റം ബസ് ടെർമിനലിൽ ബസുടമകൾക്ക് ഓഫീസ് മുറിയിൽ കച്ചവടം നടത്താൻ ലൈസൻസ് കൊടുത്തിൽ വീഴ്ച പറ്റിയെന്ന് നഗരസഭയുടെ കുറ്റസമ്മതം. ആദ്യഘട്ടത്തിൽ ഇതു മനസിലാക്കാതെ പ്രതികരിച്ചതിൽ ഖേദം പ്രകടപ്പിച്ച നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ വ്യാപാര ലൈസൻസ് ഇന്ന് റദ്ദാക്കുമെന്നും കൂട്ടിച്ചേർത്തു. നഗരസഭയുടെ ഒത്താശയോടെയാണ് ബസുടമകൾ ലൈസൻസ് നേടിയതെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പാലാ യൂണിറ്റ് ഓഫീസ് പ്രവർത്തനത്തിനാണ് സ്റ്റാൻഡിൽ മുറി അനുവദിച്ചതെന്നും ഇവിടെ വ്യാപാരം പാടില്ലെന്നും നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് ഭരണപക്ഷ കൗൺസിലർ ടോണി തോട്ടമാണ് മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. നഗരസഭാ റവന്യു വിഭാഗത്തിന്റെ ശുപാർശയോടെ ഹെൽത്ത് വിഭാഗമാണ് ബസുടമകൾക്ക് വ്യാപാര ലൈസൻസ് അനുവദിച്ചത്. സംഭവം വിവാദമായതോടെ ഇതേപ്പറ്റി അന്വേഷിക്കാൻ നഗരസഭാ ഹെൽത്ത് വിഭാഗത്തെ ചെയർപേഴ്‌സൺ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്.
പ്രതികരിക്കാനില്ല ബസുടമകൾ
വ്യാപാരാവശ്യങ്ങൾക്കായി തങ്ങൾക്ക് നിയമപ്രകാരം ലൈസൻസ് തന്നത് നഗരസഭാധികാരികളാണ്. അവർ തന്നെ ലൈസൻസ് റദ്ദാക്കുന്നുവെന്നും പറയുന്നു. കൂടുതൽ പ്രതികരിക്കാനില്ല.
ഡാന്റിസ് തെങ്ങും പള്ളിക്കുന്നേൽ, ബസ്
ഓപ്പറേറ്റേഴ്‌സ് അസോ.യൂണിറ്റ് സെക്രട്ടറി
ചെയർപേഴ്‌സന്റെ തീരുമാനം സ്വാഗതാർഹം
ലൈസൻസ് റദ്ദാക്കാനുള്ള ചെയർപേഴ്‌സന്റെ തീരുമാനം സ്വാഗതാർഹമാണ്. നഗരസഭാധികൃതരെ മനപ്പൂർവം തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത ഓഫീസ് മുറി തിരിച്ചു പിടിക്കണം. കൊട്ടാരമറ്റം സ്റ്റാൻഡിൽ ലക്ഷങ്ങൾ സെക്യൂരിറ്റി നൽകി നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ നിസാര വാടക നൽകി വളഞ്ഞ വഴിയിൽ കച്ചവട ലൈസൻസ് സംഘടിപ്പിച്ചതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
ടോണി തോട്ടം, കൗൺസിലർ