പാലാ : പാലാ, കൊല്ലപ്പിള്ളി, രാമപുരം മേഖലകളിലെ ചില ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്നു. ഉപരിപഠനത്തിനും വിദ്യാഭ്യാസ വായ്പാ നേട്ടത്തിനും സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ മുപ്പതിലേറെ ബാങ്കുകളെ ബന്ധിപ്പിക്കുന്ന ഏകജാലക പദ്ധതിയാണ് വിദ്യാലക്ഷ്മി. പഠിക്കുന്ന സ്ഥാപനത്തിനും കോഴ്‌സിനും അംഗീകാരമുണ്ടെങ്കിൽ അഡ്മിഷൻ ലഭിച്ചാൽ വിദ്യാഭ്യാസ വായ്പ ലഭിക്കേണ്ടതാണ്. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങി കോഴ്‌സ് പൂർത്തീകരിക്കാൻ ആവശ്യമായ ചെലവുകൾക്കെല്ലാം വായ്പ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. നാലു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ വിദ്യാർത്ഥികളുടെ ബാങ്ക് വായ്പകൾക്ക് കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിനു കീഴിൽ വിദ്യാഭ്യാസവകുപ്പ് വായ്പ പലിശയിളവ് നൽകുന്നുണ്ട്. കോഴ്‌സ് പൂർത്തിയായി ഒരുവർഷമോ, ജോലികിട്ടി ആറു മാസമോ കഴിയും വരെയുള്ള കാലത്തെ പലിശയാണ് കേന്ദ്രം ഏറ്റെടുത്തത്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് പാവപ്പെട്ടവരുടെ വായ്പ അപേക്ഷ ബാങ്കുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്.
രാജ്യത്തും പുറത്തും ലക്ഷക്കണക്കിന് ഒഴിവുകളുള്ള നഴ്‌സിംഗ്, ഫാർമസി കോഴ്‌സുകൾക്കുള്ള വായ്പാ അപേക്ഷയും സ്വീകരിക്കുന്നില്ല.
ബാങ്കുകളടേത് ചിറ്റമ്മ നയം
കേരളത്തിനകത്തും പുറത്തും പഠിച്ച് വിദേശത്ത് പോയി ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ കേരളത്തിലേക്ക് അയയ്ക്കുന്ന തുകയാണ് കേരളത്തിലെ ബാങ്കുകളുടെ വികസനത്തിന് ഒരുപങ്ക് വഹിക്കുന്നത്. ഇതെല്ലാം മറന്ന് വായ്പ നിഷേധിക്കുന്നത് വിദ്യാർത്ഥികളെ പഠനത്തിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കും. വായ്പ കിട്ടുമെന്ന ധാരണയിൽ കുട്ടികൾ സ്ഥാപനത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അഡ്വാൻസ് തുകയും ഏല്പിച്ചശേഷമാണ് ബാങ്കുകളെ സമീപിക്കുന്നത്. 80 ശതമാനം മാർക്കില്ലാത്തതിനാൽ വായ്പ തരില്ലെന്ന് ചില ബാങ്കുകൾ എഴുതിക്കൊടുത്തിട്ടുണ്ട്. ബാങ്കുകളുടെ വിദ്യാർത്ഥികളോടുള്ള ചിറ്റമ്മ നയം മാറണം.
ടി.കെ. വാസു, മാനേജിംഗ് ഡയറക്ടർ
എസ്.എൻ.ടി കോളജ് രാമപുരം