കോട്ടയം: കളക്‌ടറേറ്റിനു സമീപത്തെ പള്ളിയിൽ ഞായറാഴ്‌ച ആരാധനയ്‌ക്കെത്തിയ വിശ്വാസികളുടെ വാഹനങ്ങളിൽ നിന്നും പൊലീസ് പിഴയീടാക്കുന്നതായി പരാതി. കളക്‌ടറേറ്റിനു സമീപത്തെ സി.എസ്.ഐ അസൻഷൻ പള്ളിയിൽ വരുന്ന വിശ്വാസികളുടെ കാറുകളും ബൈക്കുകളും പാർക്ക് ചെയ്യുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നതായി കാട്ടി പള്ളി വികാരി റവ.ഡാനിയേൽ ജോർജാണ് പരാതി നൽകിയത്. കളക്‌ടറേറ്റിനു മുന്നിലെ റോഡരികിൽ ഒതുക്കി പാർക്ക് ചെയ്‌ത വാഹനങ്ങൾക്കാണ് പൊലീസ് പിഴ നോട്ടീസ് നൽകുന്നത്. ഞായറാഴ്‌ചകളിൽ കളക്‌ടറേറ്റ് റോഡിൽ താരതമ്യേന തിരക്ക് കുറവാണ്. പള്ളിയിലെ തിരക്കും റോഡിലെ കുരുക്കും ഒഴിവാക്കാൻ രണ്ടായാണ് ഞായറാഴ്‌ചകളിൽ ഇവിടെ ആരാധന നടക്കുന്നത്. എന്നാൽ, ഈ ആരാധനയ്‌ക്കായി പള്ളിയിൽ എത്തിയവരെയാണ് പിഴ ഈടാക്കിയത്. പള്ളിയിൽ ആരാധനയ്‌ക്കായി എത്തുന്നവരുടെ വാഹനത്തിൽ നിന്നും പിഴ ഈടാക്കുന്ന നടപടിയിൽ നിന്നും പൊലീസ് പിൻതിരിയണമെന്നും പള്ളി അധികൃതർ ആവശ്യപ്പെട്ടു.