ചങ്ങനാശേരി : ക്യാമ്പ് ജീവിതത്തിനുശേഷം പടിഞ്ഞാറൻ നിവാസികൾ തങ്ങളുടെ ഭവനങ്ങളിലേക്കു ഇന്നലെ മടങ്ങിവന്നെങ്കിലും ഇവരുടെ ദുരിതം അവസാനിക്കുന്നില്ല. പേമാരിയുടെയും പ്രളയത്തിന്റെയും കെടുതിക്ക് ശമനമായെങ്കിലും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയുടെ ആശങ്കകൾ ഒഴിയുന്നില്ല.
പടിഞ്ഞാറൻ നിവാസികൾക്ക് കുടിക്കുന്നതിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ആറിലെ മലിനജലത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഇവരിൽ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. വെള്ളം പൊങ്ങുന്നതിനു മുൻപ് ടാങ്കുകളിൽ ശേഖരിച്ചിരുന്ന വെള്ളമാണ് ഇവർ മടങ്ങിയെത്തിയതിനുശേഷം ഉപയോഗിക്കുന്നത്. പാറയ്ക്കൽ കലുങ്കിനു സമീപത്തുകൂടെ പോകുന്ന പൊട്ടിയ പൈപ്പ് ലൈനിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ ടാപ്പുകൾ പലപ്പോഴും നോക്കുകുത്തിയായി മാറുകയാണ്.
ക്യാമ്പുകൾ വിട്ട് വീടുകളിലേക്ക് വന്നവർ വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. പലവീടുകളും വെള്ളത്തിൽ മുങ്ങി ചെളി നിറഞ്ഞ സ്ഥിതിയാണ്. പഞ്ചായത്തിൽ നിന്നോ ആരോഗ്യവിഭാഗത്തിൽ നിന്നോ വീടുകൾ വൃത്തിയാക്കുന്നതിനുള്ള സാധനസാമഗ്രികൾ ക്യാമ്പുകളിൽ നിന്ന് മടങ്ങിയവർക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
വേറെ നിവൃത്തിയില്ലാത്തതിനാലാണ് ആറിലെ ഈ വെള്ളത്തിൽ സാധനങ്ങൾ വൃത്തിയാക്കുന്നത്. നല്ല വെള്ളം എടുത്ത് ഇവ കഴുകണമെങ്കിൽ പാറയ്ക്കൽ കലുങ്കിൽ നിന്ന് തലച്ചുമടായി വെള്ളം എടുക്കണം. അല്ലെങ്കിൽ വെള്ളം വിലയ്ക്കുവാങ്ങണം (താമരശാലിൽ ഷാജി, എസി റോഡ് നിവാസി)
വീടുകളിലേക്ക് മടങ്ങാനാകാത്തവർ ക്യാമ്പുകൾ മാറി
പല ക്യാമ്പുകളും വെളളം കുറഞ്ഞതിനാഷ പിരിച്ചുവിട്ടതോടെ വീടുകളിലേക്ക് മടങ്ങാനാകാതെ പടിഞ്ഞാറൻ നിവാസികൾ മറ്റ് പല ക്യാമ്പുകളിലേക്കും മാറി. എസി റോഡിൽ നിന്നും വെള്ളം ഇറങ്ങിയെങ്കിലും റോഡ് നിരപ്പിൽ നിന്നും താഴ്ച്ചയിലിരിക്കുന്ന പലവീടുകളും ഇപ്പോഴും വെള്ളത്തിലാണ്. ചിലവീടുകളുടെ അകത്തു നിന്നും ഇറങ്ങിയെങ്കിലും പരിസരം മുഴുവൻ മലിനജലം നിറഞ്ഞു കെട്ടിക്കിടക്കുകയാണ്. പിരിച്ചുവിട്ട ക്യാമ്പ് നിവാസികൾക്ക് പ്രാഥമികആവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാത്തതിനാലാണ് ഇവർ മറ്റ് ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.