ചങ്ങനാശേരി : ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും അപകടങ്ങൾ വർദ്ധിക്കുന്നു. നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ബൈപ്പാസ് റോഡിൽ അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാറിടിച്ചു അമ്മ മരിച്ച് ദിവസങ്ങൾ പിന്നിടുന്നതിനു മുൻപാണ് തെങ്ങണായിൽ ഞായറാഴ്ച്ച രാത്രി കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഇതിനു പുറമേ ഇന്നലെ തെങ്ങണയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റ തൃക്കൊടിത്താനം പൊട്ടശ്ശേരിയിൽ താമസക്കാരനായ ചുടല ആണ്ടിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ തെങ്ങണ കവലയ്ക്ക് സമീപമായിരുന്നു അപകടം. തെങ്ങണ ഫെഡറൽ ബാങ്കിന് മുന്നിൽ നിന്നും മുന്നോട്ടെടുത്തകാർ കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകുന്നതിനായി തിരിക്കുന്നതിനിടയിൽ ചങ്ങനാശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചങ്ങനാശേരിയുടെ പ്രധാന ഭാഗങ്ങളായ ബൈപ്പാസ് റോഡ്, എസി റോഡ്, എം.സി റോഡ്, സെൻട്രൽ ജംഗ്ഷൻ, പാലാത്ര, മോർക്കുളങ്ങര, തെങ്ങണ എന്നിവിടങ്ങളിലാണ് അടുത്തകാലത്ത് അപകടങ്ങൾ വർദ്ധിച്ചു വരുന്നത്. അശ്രദ്ധയും അമിതവേഗതയുമാണ് അപകടങ്ങളുടെയെല്ലാം പ്രധാന കാരണം. സിഗ്നൽ പ്രവർത്തിക്കുന്ന ഇടങ്ങളിലാണ് അപകടമേറെയും സംഭവിക്കുന്നത്. സിഗ്നലിനെ മറിക്കടക്കാനുള്ള പരക്കം പാച്ചിലും അപകടത്തിനു ഇടയാക്കുന്നു. തെങ്ങണ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തതും അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.