തലയോലപ്പറമ്പ് : രാത്രികാലങ്ങളിൽ കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഇനി വഴിതെറ്റാതെ സഞ്ചരിക്കാം. തലയോലപ്പറമ്പ് എറണാകുളം റോഡിലെ നാല് റോഡുകൾ സംഗമിക്കുന്ന തലപ്പാറ ജംഗ്ഷനിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെയാണ് പതിറ്റാണ്ടുകളായിട്ടുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നത്. വാഹന യാത്രികർക്ക് ദിശ മനസ്സിലാക്കുന്നതിനായി കാണും വിധത്തിൽ ദിശാബോർഡും, ലൈറ്റും ഇല്ലാത്തത് മൂലം യാത്രക്കാർ വർഷങ്ങളായി ദുരിതത്തിലായിരുന്നു. രാത്രികാലങ്ങളിൽ തലപ്പാറയിൽ എത്തുന്ന വാഹനങ്ങൾ അധികവും ജംഗ്ഷനിൽ നിന്നും ഇടതുവശം തിരിയുന്നതിന് പകരം വഴിതെറ്റി നേരെ തൊടുപുഴ റോഡിലൂടെ കിലോമിറ്ററുകളോളം ഓടി തിരികെ എത്തുന്ന സ്ഥിതിയായിരുന്നു. ജംഗ്ഷന് സമീപത്തുള്ള ഇരുവശത്തെയും ബസ്റ്റോപ്പുകളിൽ സന്ധ്യ കഴിഞ്ഞാൽ ഇരുട്ട് മൂടുന്നതോടെ ബസ് കാത്തിരിപ്പ് കാർ ഉൾപ്പടെയുള്ളവർക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കഴിഞ്ഞ മാസം ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിലായി പൊതുമരാമത്ത് അധികൃതർ ദിശാബോർഡുകൾ സ്ഥാപിച്ചിരുന്നു. ജോസ് .കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റുകൾ ഇന്നലെ ഉദ്ഘാടനം ചെയ്തതോടെയാണ് ഇരുട്ട് മൂടി കിടന്ന നാൽക്കവല പ്രകാശപൂരിതമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹൈമാസ്റ്റിന്റെ ഉദ്ഘാടനം ജോസ് .കെ മാണി നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.