പനച്ചിക്കാട്: പ്രളയദുരിതത്തിനിടെ സർക്കാർ നിർദേശം ലംഘിച്ച് അവധിയെടുത്ത പഞ്ചായത്ത് സെക്രട്ടറിയെ ഓഫിസിനു മുന്നിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി ഡി.മായയെയാണ് കോൺഗ്രസ് പ്രവർത്തകർ ഓഫിസിനു മുന്നിൽ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്‌തത്. സെക്രട്ടറിയെ രക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ ശ്രമിച്ചത് സംഘർഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി. തുടർന്ന് പൊലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.
സർക്കാർ നിർദേശം ലംഘിച്ച് കഴിഞ്ഞ 16 നും 17 നുമാണ് പഞ്ചായത്ത് സെക്രട്ടറി അവധിയെടുത്തത്. സർക്കാർ നിർദേശം ലംഘിച്ച് അവധിയെടുത്തത് കൂടാതെ ഇവർ ദുരിതാശ്വാസത്തിന് സഹായം നൽകിയവരുടെ പരാതി അന്വേഷിക്കാൻ പഞ്ചായത്തിലെ പ്യൂണിനെയാണ് അയച്ചത്. ഇതിനെതിരായാണ് ഇന്നലെ രാവിലെ പഞ്ചായത്തിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തിയത്. കോൺഗ്രസ് പ്രവർത്തകരുടെ ധർണ നടക്കുന്നതിനിടെ 11 മണിയോടെ സെക്രട്ടറി സ്ഥലത്തേയ്‌ക്ക് എത്തി. ഇതോടെ റോഡിൽ കുത്തിയിരുന്ന കോൺഗ്രസ് പ്രവർത്തകർ ഇവരെ കരിങ്കൊടി കാണിക്കുകയും കൂക്കി വിളിക്കുകയും തടയുകയും ചെയ്‌തു. ബഹളം കേട്ട് ഓടിയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സി.പി.എം പ്രവർത്തകർ സെക്രട്ടറിയെ കൈ പിടിച്ച് രക്ഷിച്ച് പുറത്തേയ്‌ക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. ഇതിനെ കോൺഗ്രസ് പ്രവർത്തകർ ചെറുത്തതോടെ പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. പൊലീസ് ഇടപെട്ടാണ് സംഘർഷത്തിന് അയവുണ്ടാക്കിയതും പ്രവർത്തകരെ തിരിച്ചയച്ചതും. പൊലീസ് സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പഞ്ചായത്തിനുള്ളിലേയ്‌ക്ക് പ്രവേശിക്കാൻ സാധിച്ചത്.
സെക്രട്ടറിയുടെ നടപടിയിൽ പ്രതിക്ഷേധിച്ച് പനച്ചിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യൂ, എബിസൺ .കെ .എബ്രഹാം എന്നിവർ പ്രസംഗിച്ചു.
ധർണ്ണയെ തുടർന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പാർലമെന്ററി പാർട്ടി ലീഡർ റോയി മാത്യുവിന്റെ നേതൃത്യത്തിൽ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായാണ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ചത്.