കോട്ടയം: വനത്തിലൂടെ പോകാൻ പാസുണ്ടായിട്ടും പ്രതി ദിനം അരലക്ഷം രൂപ വരുമാനമുളള ബസ് അയയ്ക്കില്ലെന്ന പിടിവാശിയിൽ കെ.എസ്.ആർ.ടി.സി. ബംഗളൂരു സൂപ്പർ ഡീലക്‌സ് സർവീസാണ് നാടുകാണി ചുരം ഇടിഞ്ഞതിന്റെ പേരിൽ റദ്ദ് ചെയ്‌തത്. ഓണക്കാലത്ത് പതിനായിരങ്ങൾ കേരളത്തിലേയ്‌ക്കു വരാനിരിക്കെയാണ് ഇരുട്ടടിയായി സർവീസ് നിർത്തിയത്. കോട്ടയം , പാലാ ഡിപ്പോകളിൽ നിന്നുള്ള രണ്ടു സൂപ്പർ ഡീലക്‌സ് സർവീസുകളും റദ്ദാക്കി.
എല്ലാ ദിവസവും വൈകിട്ട് 5.30 നാണ് കോട്ടയത്തു നിന്ന് ബംഗളൂരു സൂപ്പർ ഡീലക്‌സ് സർവീസ് പുറപ്പെടുന്നത്. പുലർച്ചെ നാലിന് മൈസൂരിലും, ആറു മണിയോടെ ബംഗളൂരുവിലും ബസ് എത്തും. വൈകിട്ട് 3.45 ന് ബംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ നാലരയോടെയാണ് കോട്ടയത്ത് എത്തുക. 39 സീറ്റുള്ള ബസിനാണ് ജില്ലയിൽ നിന്നും ബംഗളൂരുവിലേയ്‌ക്ക് ഏറ്റവും കുറവ് ടിക്കറ്റ് നിരക്കുള്ളത്. 733 രൂപ. ജില്ലയിലെ ഏറ്റവും ജനപ്രിയ സർവീസുകളിൽ ഒന്നാണ് ഇത്. തൃശൂർ, പെരിന്തൽമണ്ണ, നീലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ, മൈസൂർ എന്നിവിടങ്ങൾ വഴിയാണ് യാത്ര. ബന്ദിപ്പൂർ വനം കടക്കാൻ രാത്രി പാസുള്ള ബസുകളിൽ ഒന്നാണിത്. രാത്രിയിൽ വനമേഖലയിലൂടെ കടന്നു പോകുന്നു എന്നത് തന്നെയാണ് ഈ ബസിനെ ജനപ്രിയമാക്കിയതും.
എന്നാൽ, നാടുകാണി ചുരം ഇടിഞ്ഞതോടെ ഈ സർവീസ് റദ്ദാക്കുകയായിരുന്നു. മറ്റു വഴികളിലൂടെ ബംഗളൂരുവിന് സ്വകാര്യ ബസുകളും മറ്റു ഡിപ്പോകളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നാൽ, കോട്ടയം ജില്ലയിലെ രണ്ടു ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾക്ക് മാത്രമാണ് ഈ റൂട്ടിൽ അയിത്തം . ഇത് സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണമാണ് ജീവനക്കാർ ഉയർത്തുന്നത്.
വരുമാനവും വേണ്ട , ബസും വേണ്ട
മണിപ്പാലിനും, പഴനിക്കും തുടങ്ങാനിരുന്ന രണ്ടു സർവീസുകളും കോട്ടയം ഡിപ്പോ ഉപേക്ഷിച്ചു. ഇതോടെ മണിപ്പാൽ സർവീസ് തിരുവനന്തപുരത്തു നിന്നും, പഴനി സർവീസ് അടൂരിൽ നിന്നും ആരംഭിച്ചിട്ടുണ്ട്.