കോട്ടയം: പരിസ്ഥിതിദുർബല പ്രദേശങ്ങൾ കണ്ടെത്തി അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാലുള്ള അപകടങ്ങൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ സർവകലാശാലകൾ ശ്രമിക്കണമെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം പറഞ്ഞു. മഹാത്മാ ഗാന്ധി സർവകലാശാല കൺവർജൻസ് അക്കാഡമിയ കോംപ്ലക്‌സിന്റെയും കോട്ടയം സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ 30ാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ തടയുന്നതിനാവശ്യമായ സുപ്രധാന വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനെക്കുറിച്ച് സർവകലാശാലകളും വിദഗ്ധരും ഗൗരവമായി ആലോചിക്കണം. ഓരോ മേഖലകളിലെയും കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അല്ലാത്തതുമായ വിളകളെക്കുറിച്ച് കർഷകർക്ക് വിവരങ്ങൾ നൽകാനും അവരെ ബോധ്യപ്പെടുത്താനും ക്യാമ്പയിൻ ആരംഭിക്കാം. നമുക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരുന്ന സമൂഹവുമായി കൂടുതൽ അടുക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കും.

ചില കാമ്പസുകൾ രാഷ്ട്രീയ,വിദ്യാഭ്യാസ ഇതര പ്രവൃത്തികളുടെ വേദിയാകുന്നു. അനഭിലഷണീയമായ പ്രവൃത്തികൾക്കുവേണ്ടി രാഷ്ട്രീയമറ്റിതര സംഘടനകൾ വിദ്യാർത്ഥികളുടെ ഊർജസ്വലതയെ ചൂഷണം ചെയ്യുന്നതായി കാണുന്നുണ്ട്. അക്രമങ്ങളുടെ രാഷ്ട്രീയത്തെ ഗൗരവമായി കാണുകയും തിരുത്തുകയും ചെയ്യണം. പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നതിനുള്ള മറയായി വിദ്യാർത്ഥി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത് നീതിയുക്തമല്ലെന്ന് ഗവർണർ പറഞ്ഞു.

അടുത്ത അദ്ധ്യയന വർഷം ജൂൺ ഒന്നിനുതന്നെ ഒന്നാം ക്ലാസുമുതൽ എൽ.എൽ.ബി., പോളിടെക്‌നിക്, ബിരുദാനന്തര ബിരുദതലം വരെയുള്ള ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.

യൂറോപ്യൻ അക്കാഡമി ഒഫ് സയൻസസിലും ഇന്റർനാഷണൽ അക്കാഡമി ഓഫ് ഫിസിക്കൽ സയൻസസിലും പ്രഗത്ഭഅംഗത്വം ലഭിച്ച വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ്, 1989 ൽ ജനബോധന സാക്ഷരത യജ്ഞത്തിന് നേതൃത്വം നൽകിയ സർവകലാശാല നാഷണൽ സർവീസ് സ്‌കീമിന്റെ മുൻ കോ ഓർഡിനേറ്റർ ഡോ. സി. തോമസ് എബ്രഹാം എന്നിവരെ ഗവർണർ ആദരിച്ചു.

തോമസ് ചാഴിക്കാടൻ എം.പി., എം.എൽ.എ.മാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ, പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ എന്നിവർ പ്രസംഗിച്ചു.