pj

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ 21 നേതാക്കളെ സസ്പെൻഡ് ചെയ്ത് ഉന്നതാധികാരസമിതിയിൽ ഭൂരിപക്ഷമുണ്ടാക്കി അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുന്നതിന് ജോസഫ് വിഭാഗം ഇന്ന് കൊച്ചി ഇടശ്ശേരി റിസോർട്ടിൽ നടത്താനിരുന്ന ഹൈപവർ കമ്മിറ്റി യോഗം കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തു.

കൂട്ട സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ജോസ് വിഭാഗം ഉന്നതാധികാര സമിതി അംഗം ബാബു ജോസഫ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജോസിന്റെ ചെയർമാൻ സ്ഥാനത്തിന് സ്റ്റേ വാങ്ങിയ ജോസഫിന് അതേ നാണയത്തിലാണ് ജോസ് വിഭാഗം തിരിച്ചടി നൽകിയത്. സ്റ്റേ വന്നതോടെ ,വിവാദ തീരുമാനങ്ങളെടുക്കാൻ കഴിയാത്ത സ്ഥിതിയിലായി ജോസഫ് വിഭാഗം.

ജോസിനെ അനുകൂലിക്കുന്ന നാല് ഉന്നതാധികാര സമിതി അംഗങ്ങൾ ആറ് ജില്ലാ പ്രസിഡന്റുമാർ പതിനൊന്ന് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 21 നേതാക്കളെയാണ് .ജോസഫ് സസ്പെൻഡ് ചെയ്തത്. ജോസിനെ ചെയർമാനായി തിരഞ്ഞെടുത്ത, കോട്ടയത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇവർ പങ്കെടുത്തതിന്റെ പേരിലാണ് നടപടി..

ഉന്നതാധികാര സമിതിയിൽ 97 പേരും സ്റ്റിയറിങ് കമ്മിറ്റിയിൽ 28 പേ‍രുമാണു നിലവിലുള്ളത്.

ജോസഫിന് കാരണം കാണിക്കൽ നോട്ടീസ്

21 സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ പുറത്താക്കിയ ജോസഫിന്റെ നടപടി പാർട്ടി ഭരണഘടനയുടെ ലംഘനവും ജനാധിപത്യ വിരുദ്ധവുമായതിനാൽ തള്ളിക്കളയാൻ ഇന്നലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജോസ് വിഭാഗം ഹൈപവർ കമ്മിറ്റി യോഗം തീരുമാനിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ജോസഫിനും, ജോയി എബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകും. തുടർ നടപടികൾക്കായി പി.കെ .സജീവ് ചെയർമാനായി അച്ചടക്ക സമിതി രൂപീകരിച്ചു.

ജോസഫും കൂട്ടരും രാഷ്ട്രീയ അഭയാർത്ഥികളായാണ് കേരളാ കോൺഗ്രസ്സിൽ വന്നത്.കെ.എം.മാണിയെയും പാർട്ടിയെയും നിരന്തരം അപമാനിക്കാനായിരുന്നു ശ്രമം . സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ്കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി അംഗീകരിക്കാതെ പാർട്ടിയെ തകർക്കാൻ മറ്റാരുടേയോ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നു. ഇത്തരം ഹീന നീക്കങ്ങളെ പാർട്ടി ചെറുത്തുതോൽപ്പിക്കും.

-ജോസ് കെ മാണി