കോട്ടയം: മൂന്നു പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം ഓർമകൾ കൂടുകൂട്ടുന്ന പഴയ വിദ്യാലയത്തിലേക്ക് ഒരിക്കൽക്കൂടി അവർ ഒഴുകിയെത്തി. പ്രായവും പദവികളും മങ്ങലേൽപ്പിക്കാത്ത സൗഹൃദത്തിന്റെ കൈ പിടിച്ച് ആ തിരുമുറ്റത്തുകൂടി സൊറ പറഞ്ഞു നടന്നു. പഴയ ശിഷ്യഗണങ്ങൾക്ക് അനുഗ്രഹാശിസ്സുകളുമായി ഗുരുശ്രേഷ്ഠരും കൂടി എത്തിയതോടെ സംഗമം അവിസ്മരണീയമായി. കുമാരനെല്ലൂർ ദേവി വിലാസം സ്‌കൂൾ 1987 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് 32 വർഷത്തിനുശേഷം വീണ്ടും ഒരുമിച്ചു കൂടിയത്. പൂർവ വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും പ്രധാനാധ്യാപിക കെ. ഗിരിജ ഉദ്ഘാടനം ചെയ്തു.