തലയാഴം: പാടശേഖരത്തിലെ വെള്ളം ഫലപ്രദമായി പുറം തള്ളാനാവാത്തത് മൂലം 40 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷികൾ നശിക്കുന്നു. തലയാഴം പഞ്ചായത്തിലെ മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലെ നിരവധി കർഷകരുടെ നെൽക്കൃഷി,വാഴ, പച്ചക്കറി, മത്സ്യകൃഷി തുടങ്ങിയവയാണ് വെള്ളത്തിൽ മുങ്ങിനശിക്കുന്നത്. 40 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിനുള്ളിലെ 30 ഓളം താമസക്കാരിൽ ചുരുക്കം പേരൊഴിച്ചുള്ള ബാക്കിയുള്ളവർക്ക് വളരെക്കുറച്ച് സ്ഥലം മാത്രമേയുള്ളു. പ്രധാന തോടിനോട് ചേർന്ന് സ്ഥാപിച്ച മോട്ടോർ തറയിലേയ്ക്ക് പാടശേഖരത്തിലെ വെള്ളമെത്തിക്കുന്നത് റോഡിന് കുറുകെ സ്ഥാപിച്ച ചെറിയ കുഴൽ വഴിയാണ്. ഈ കുഴൽ കടന്നു പോകുന്ന ഭാഗത്ത് ചെറിയ കലുങ്ക് നിർമ്മിക്കുകയും പാടശേഖരത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിന് സ്ഥിരം വൈദ്യുതി കണക്ഷനും ലഭിക്കുകയും ചെയ്താൽ ഫലഭൂയിഷ്ഠമായ മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലെ കർഷകർക്ക് സമ്മിശ്ര കൃഷിയിലൂടെ ഉപജീവന മാർഗ്ഗം കണ്ടെത്താൻ കഴിയുമെന്ന് കർഷകർ പറയുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന മോട്ടോർതറയിൽ സ്ഥിരമായി വൈദ്യുതി ലഭ്യമാകാത്തതിനാൽ താത്കാലിക വൈദ്യുതി കണക്ഷനെടുത്താണ് കൃഷി നടത്തുന്നത്. പാടശേഖരത്തിലെ മോട്ടോർ കത്തിപ്പോയതിനാൽ വാടകയ്ക്ക് മോട്ടോർ എടുത്തു പ്രവർത്തിപ്പിച്ചതിനും വൻ തുക ചെലവഴിക്കേണ്ടി വന്നു. കഴിഞ്ഞരണ്ടു വർഷത്തിനിടയിൽ ഉണ്ടായ മൂന്നു പ്രളയങ്ങളിൽ മൂന്നു തവണയും പാടശേഖര സമിതി സെക്രട്ടറിയായ മനോജ് ലൂക്കിന്റെ കൃഷികൾ മാസങ്ങളോളം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പൂർണ്ണമായി നശിച്ചിരുന്നു. 75സെന്റോളം വരുന്ന ജലാശയത്തിലെ പടുതാക്കുളത്തിൽ വളർത്തിയിരുന്ന 10,000 ത്തോളം കരിമീൻ കുഞ്ഞുങ്ങൾ വിളവെടുക്കാറായ സമയത്ത് വെള്ളം കയറി നഷ്ടമായി. പ്രദേശത്തെ മറ്റ് കർഷകരുടെയും സ്ഥിതിയും സമാനമാണ്. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ കൃഷിഫലപ്രദമായി നടത്തുന്നതിന് ഭൗതിക സാഹചര്യം ഒരുക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് തലയാഴം മംഗലത്തു കരി കിഴക്കുപുറം പാടശേഖര സമിതിയുടെ ആവശ്യം.