കോട്ടയം: വൃക്കരോഗികളായ രണ്ട് വീട്ടമ്മമാർക്കുവേണ്ടി പിരിച്ച ലക്ഷങ്ങൾ ഒന്നരവർഷമായിട്ടും വിതരണം ചെയ്യാത്തതിൽ ദുരൂഹതയെന്ന് നാട്ടുകാർ. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്റെ നേതൃത്വത്തിൽ ഒന്നരവർഷം മുമ്പ് സമാഹരിച്ച 14 ലക്ഷത്തോളം രൂപയാണ് രോഗികൾക്ക് നൽകാതെ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്.

വില്ലൂന്നിയിലും മണിയാപറമ്പിലുമുള്ള രണ്ട് വീട്ടമ്മമാർക്കുവേണ്ടി പ്രസി‌ഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 16 വാർ‌ഡുകളിലും ഒറ്റദിവസംകൊണ്ടാണ് പിരിവ് നടത്തിയത്. നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ സമൂഹം കൈയയച്ച് സഹായിക്കുകയും ചെയ്തു. വലിയതുക പിരിഞ്ഞുകിട്ടിയെങ്കിലും ചികിത്സാ സഹായമായി മൂന്ന് ലക്ഷംരൂപ മാത്രമാണ് ഇതുവരെ രോഗികൾക്ക് നൽകിയത്. ബാക്കി പണം അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനകീയ കമ്മിറ്റി കൺവീനറിന്റെയും പേരിൽ ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് ആരോപണം.

അനുയോജ്യമായ വൃക്ക ലഭിക്കാത്തതുകൊണ്ട് ശസ്ത്രക്രിയ നടത്താനാകാത്തതിനാൽ രണ്ട് വീട്ടമ്മമാരും ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിറുത്തുന്നത്. ഒരാൾക്ക് മാസത്തിൽ 12 ഡയാലിസിസും രണ്ടാമത്തെ ആൾക്ക് 8 ഡയാലിസിസും ചെയ്യണം. അതിനുമാത്രം 20,000 രൂപയിലേറെ ചെലവുണ്ട്. ഈ തുകകണ്ടെത്താനുള്ള കഴിവ് ഇവരുടെ നിർദ്ധനകുടുംബത്തിന് ഇല്ല. വൃക്കമാറ്റിവെയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ചികിത്സാസഹായമായി പണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഭാരവാഹികൾ ഒഴിഞ്ഞുമാറുകയാണെന്നും നാട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള സമിതിയാണ് പണം പിരിച്ചത്. എന്നാൽ പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായിട്ടും ചികിത്സസഹായനിധി മുൻപ്രസിഡന്റിന്റെ പേരിൽതന്നെ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

 വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പിരിച്ച പണം മറ്റൊരാവശ്യത്തിനും വിനിയോഗിക്കാനാവില്ല.

- ആനന്ദ് പഞ്ഞിക്കാരൻ. മുൻ പഞ്ചായത്ത് പ്രസി‌ഡന്റ്