പാലാ : ഏറ്റുമാനൂർ - പാലാ ഹൈവേയിൽ അരുണാപുരം മരിയൻ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമ്മിച്ച ബൈപാസിന്റെ തുടക്കം ഇവിടെയായതാണ് അപകടസാദ്ധ്യതയേറ്റുന്നത്. ഏറ്റുമാനൂർ ഭാഗത്തു നിന്നു വരുന്ന ബസുകളിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാനും പാലാ, ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കയറുന്നതിനുമായി ബസുകൾ നിറുത്തുന്നത് ബൈപ്പാസിന്റെ തുടക്കത്തിലെ വളവിലാണ്.
പാലായിൽ നിന്നു ബൈപ്പാസിലൂടെ കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളും, മരിയൻ ആശുപത്രി, ശ്രീരാമകൃഷ്ണാശ്രമം, പി.ഡബ്ല്യു.ഡി ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും ജംഗ്ഷനലേക്ക് വരും. ബസ് സ്റ്റോപ്പിൽ നിറുത്തി ആളെ കയറ്റി യാത്ര പുറപ്പെടാനൊരുങ്ങുന്ന ബസിന് മുന്നലേക്കാണീ വാഹനങ്ങൾ എത്തിപ്പെടുക. മിക്ക സമയത്തും ഇവിടെ യാത്രക്കാരുടെയും ബ്രില്യന്റ് സ്ഥാപനത്തിലേക്കുള്ള വിദ്യാർത്ഥികളുടെയും തിരക്കുണ്ട്. ബസുകൾ നിറുത്തിയിടുന്നത് ബൈപാസ് റോഡിൽ നിന്നും, മരിയൻ ആശുപത്രിയിൽ നിന്നും ഏറ്റുമാനൂർ ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് കാണാൻ സാധിക്കില്ല. ഇങ്ങനെ കടന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. ബസുകൾ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വളവായതിനാൽ ഓവർടേക്കിംഗ് സാദ്ധ്യമല്ലാത്തതിനാലാണ് കുരുക്കിന് കാരണം.
3 മാസം : 4 അപകടം
പൊതുമരാമത്തുവകുപ്പ് ഓഫീസിന് മുൻപിൽ
പൊതുമരാമത്തുവകുപ്പ് ഓഫീസിന്റെ കൺമുൻപിലാണ് ഈ അപകടവളവ് സ്ഥിതി ചെയ്യുന്നത്. ബൈപ്പാസും കൂടി പൂർത്തിയായതോടെ ഇതുവഴി രാത്രി പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണെത്തുന്നത്. അപകടങ്ങളിൽ നിന്ന് പലരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണെന്ന് ഓട്ടോഡ്രൈവർമാരും വ്യാപാരികളും പറഞ്ഞു.
ബസ് സ്റ്റോപ്പ് മുന്നോട്ടു മാറ്റണം
അരുണാപുരത്തെ അപകടക്കെണി ഒഴിവാക്കാൻ ബസ് സ്റ്റോപ്പ് പാലാ റൂട്ടിൽ 50 മീറ്ററെങ്കിലും മുന്നോട്ടു മാറ്റണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡി. അധികാരികൾക്ക് പരാതി നൽകും.
ജോയി കളരിക്കൽ,പ്രസിഡന്റ്
പാലാ പൗരാവകാശ സമിതി