എല്ലാ വീടുകളിലും തപാൽ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കും
മുക്കട : കേന്ദ്ര സർക്കാരിന്റെ സമ്പൂർണ ഡിജിറ്റൽ ഗ്രാമമായി മണിമല പഞ്ചായത്തിലെ മുക്കട ഏഴാം വാർഡ് തിരഞ്ഞെടുക്കപ്പെട്ടു. തപാൽ വകുപ്പ് വഴി നടപ്പാക്കുന്ന മേരാ അഭിമാൻ സാക്ഷ്യം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാർഡിനെ ഡിജിറ്റൽ ഗ്രാമമായി മണിമല പഞ്ചായത്ത് പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ പ്രഖ്യാപിച്ചത്. ഇ.ടി ഹരി യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. ഏഴാം വാർഡംഗം ശാന്തമ്മ, എട്ടാം വാർഡംഗം ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് പുന്നമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നവർക്ക് വാതിൽപ്പടി സേവനം ലഭിക്കുമെന്നതാണ് ഗുണം. അക്കൗണ്ട് ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് പോസ്റ്റുമാൻ വീട്ടിൽ വന്ന് സേവനങ്ങൾ ചെയ്‌തു നൽകും. ദിവസം അയ്യായിരം രൂപ വരെ നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സൗകര്യമുണ്ട്. ആധാർ കാർഡും മൊബൈൽ ഫോണുമുള്ള ആർക്കും അക്കൗണ്ട് സൗജന്യമായി ആരംഭിക്കാം. ഗാർഹിക അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല. പെൻഷൻ സബ്സിഡികൾ സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ അക്കൗണ്ടിൽ ലഭ്യമാകും. സേവനങ്ങൾക്ക് പ്രത്യേക ചാർജ് ഈടാക്കില്ല.