പാലാ: ' കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം രാത്രിയിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ അതിർത്തി കടന്ന് ഡ്രോൺ പറന്നു വന്നു. നമ്മുടെ റഡാറിൽ അതു പെട്ടു. ഞങ്ങൾ ജാഗരൂഗരായി. ഡ്രോണിനെ ഉടൻ വെടിവെച്ചു വീഴ്ത്താമായിരുന്നു. പക്ഷേ വെടിവെയ്‌ക്കേണ്ട എന്ന നയപരമായ തീരുമാനമാണ് അന്നെടുത്തത്. അതിനെ നമ്മൾ വെടിവെച്ചിടുമെന്നും അതൊരു പ്രകോപനമായി എടുത്തു കൊണ്ട് കാർഗിലിനു പുറത്തേക്കും യുദ്ധം വ്യാപിപ്പിക്കാമെന്നുമുള്ള പാക്കിസ്ഥാന്റെ കുശാഗ്രബുദ്ധി പക്ഷേ അന്ന് ഭാരത മണ്ണിൽ വിജയം കണ്ടില്ല. ഇങ്ങനെ ഒരേ സമയം സംയമനത്തിന്റെ പാത സ്വീകരിക്കുകയും ഒരു നിവൃത്തിയുമില്ലെങ്കിൽ അടിക്കേണ്ടതിനെ അടിച്ചൊതുക്കുകയും ചെയ്യുന്ന നയപരമായ നീക്കമാണ് ഭാരതം എന്നും സ്വീകരിച്ചിട്ടുള്ളത്. യുദ്ധങ്ങളിൽ ശത്രുരാജ്യങ്ങളുടെ മേൽ ഭാരതത്തിന് എന്നും വിജയമുണ്ടായിട്ടുള്ളത് ഇങ്ങനെയുള്ള നീക്കങ്ങൾ മൂലമാണ് .' റിട്ട. കേണൽ കണ്ണനാട്ട് വെങ്കിട്ടൻ ആചാരി പറഞ്ഞു നിറുത്തുമ്പോൾ സദസിൽ നിന്നും നിലയ്ക്കാത്ത കൈയടി.
ഏഴാച്ചേരി സ്റ്റോണേജ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വീര ജവാന്മാർക്കൊരു ബിഗ് സല്യൂട്ട് ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാർഗിൽയുദ്ധ നായകൻ കൂടിയായ കേണൽ ആചാരി. വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന സൈനികരെയാണ് ഏഴാച്ചേരി സ്റ്റോണേജ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചത്. സതീഷ് കുമാർ ഇല്ലിമൂട്ടിൽ, ആഗസ്തി പി. പള്ളത്തുമല , ടി.എ. ജോസഫ് തോലമ്മാക്കൽ, സജിമോൻ നടയംചാലിൽ, സുജിത് എം. ഇല്ലിമൂട്ടിൽ, ഗോപിനാഥൻ നായർ ശ്രീശൈലം , ഫ്രാൻസീസ് പെരികിലമല എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. സ്റ്റോണേജ് ക്ലബ് പ്രസിഡന്റ് കെ.അലോഷ്യസ് കണ്ണച്ചാംകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി.ആർ.പി.എഫ് ഡി.ഐ.ജി ടി.ജെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഗാന്ധി വിശ്വനാഥൻ സമാധാന സന്ദേശം നൽകി. ഫിലോമിനാ സെബാസ്റ്റ്യൻ, ജലജാ വേണുഗോപാൽ, ജയചന്ദ്രൻ കീപ്പാറമല , നോബിൾ സാബു, കെ.ജി. ബാലകൃഷ്ണൻ നായർ, വി.ജി.ചന്ദ്രൻ തേരുന്താനം, അനിൽകുമാർ അനിൽ സദനം, സതീഷ് താഴത്തുരുത്തിയിൽ, സജിമോൻ തുണ്ടത്തിൽ, ജയ്‌സൺ കരിങ്ങോഴയ്ക്കൽ, അപർണ്ണ ചന്ദ്രൻ തേരുന്താനം തുടങ്ങിയവർ പ്രസംഗിച്ചു.