പാലാ : പ്രളയകാലം കൂടുതലും നഷ്ടങ്ങളുടെ കണക്കാണു പറയുന്നതെങ്കിലും പാലാക്കാരുടെ വാസു അണ്ണൻ എന്ന 'ലോട്ടറി അമ്മാവന് ' ഈ പ്രളയം കൊണ്ടുവന്നത് ബന്ധങ്ങൾ കൂട്ടിയിണക്കിയ ബമ്പർ ഭാഗ്യമാണ്. നഗരത്തിൽ ലോട്ടറി വിറ്റു നടന്ന ഈ എൺപതുകാരൻ കഴിഞ്ഞ പ്രളയകാലത്ത് പാലാ ടൗൺ ബസ് സ്റ്റാൻഡിലെ കെട്ടിട വരാന്തയിൽ ഇരിക്കുന്ന ചിത്രം 'കേരളകൗമുദി ' പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫ്, പാലാ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ മരിയാസദനിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് വാസു പറഞ്ഞ മേൽവിലാസത്തിൽ നടത്തിയ അന്വേഷണമാണ് ബന്ധുക്കളിലേക്ക് എത്തിയത്.
മുണ്ടക്കയം സ്വദേശിയായിരുന്നു വാസു ചലച്ചിത്രതാരം തിലകന്റെ സഹപാഠിയായിരുന്നു. സ്‌കൂൾ പഠനകാലത്ത് തിലകനോടൊപ്പം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടു മുൻപാണ് കണ്ണൂരിലേക്ക് കുടിയേറിയത്. കണ്ണൂരിലെ ചെറുപുഴയിൽ മാവുങ്കൽ വീട്ടിൽ ഭാര്യ ലീല, മക്കളായ ബാബു, വിജയൻ എന്നിവരോടൊപ്പമായിരുന്നു താമസം. 25 വർഷം മുൻപ് ഭാര്യയുടെ മരണശേഷം വാസു വീടുവിട്ടിറങ്ങി.

പഴയ ചില പരിചയങ്ങൾ വച്ച് പാലായിലെത്തി. വീടുകളിൽ സഹായിയായും, കൂലിപ്പണിക്കാരനായും കൈക്കാരനായും ജോലി ചെയ്തു.
പ്രായം ശരീരത്തെ ദുർബലമാക്കിയതോടെ കൂലിപ്പണി വയ്യാതായി. തുടർന്നാണ് ലോട്ടറി വില്പന ആരംഭിച്ചത്. ലോട്ടറി വില്പനയ്ക്കു ശേഷം നഗരത്തിലെ സ്വകാര്യ ബസ് സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലായിരുന്നു അന്തിയുറക്കം. വാസുവിനെ തേടി മകൻ ബാബു ഒരുപാട് അലഞ്ഞിരുന്നു. ഇതിനിടെയാണ് വാസുവിന്റെ ചിത്രവും മറ്റു വിവരങ്ങളും മരിയ സദനിൽ നിന്ന് കിട്ടുന്നത്. ഇതോടെ അച്ഛനെ തേടി മകൻ ബാബുവും കൊച്ചുമകൻ നിതീഷും പാലായിലെത്തി. മകനേയും കൊച്ചു മകനേയും കണ്ടപ്പോൾ ഉടൻ കണ്ണൂരിലേക്ക് പുറപ്പെട്ടേക്കാമെന്നായി വാസു അണ്ണൻ. ഒരു മണിക്കൂറിനുള്ളിൽ മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫ് ,പാലാ ജനമൈത്രി സിവിൽ പൊലീസ് ഓഫീസർ ബിനോയ് എന്നിവരുടെ അനുഗ്രഹാശ്ശിസുകളോടെ വാസു അണ്ണൻ പാലായോടു യാത്ര പറഞ്ഞു.