കോട്ടയം: പ്രളയബാധിത മേഖലയിൽ മനുഷ്യർക്ക് മാത്രമല്ല, കന്നുകാലികളുടെ പുനരധിവാസത്തിനും കർശന ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണവകുപ്പിന്റെ നിർദ്ദേശം.

തൊഴുത്തു വൃത്തിയാക്കുന്നതിലും പരിചരണകാര്യങ്ങളിലും നല്ല ശ്രദ്ധയും കരുതലും വേണം. കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, കറവ തുടങ്ങിയ കാര്യങ്ങളിൽ കർഷകർ പാലിക്കേണ്ട മുൻകരുതൽ സംബന്ധിച്ചും മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുളമ്പുരോഗം, അകിടുവീക്കം, ശ്വാസകോശ രോഗങ്ങൾ, കുരുലടപ്പൻ, ടെറ്റനസ്, ആട് വസന്ത തുടങ്ങിയ രോഗങ്ങളുടെ സാദ്ധ്യത പരിഗണിച്ച് മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. വെള്ളം കയറിയ സ്ഥലങ്ങളിലെ തൊഴുത്തിൽ കന്നുകാലികളെ കെട്ടിയിടുന്നതിനുമുമ്പ് തറയും ചുമരും കഴുകിയ ശേഷം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. റബർ കൈയ്യുറ, ഗംബൂട്ട്, മാസ്ക് എന്നിവ ധരിച്ചുവേണം തൊഴുത്തിൽ കടക്കാൻ. ചാണകക്കുഴിയിലെ ഈർപ്പം അകറ്റാൻ 8 ഇഞ്ച് കനത്തിൽ ഇലകൾ നിരത്തിയശേഷം അതിനുമുകൽ ബ്ലീച്ചിംഗ് പൗഡർ വിതറണം. ഉരുക്കൾക്ക് കുടിക്കാൻ ശുദ്ധജലം നൽകണം. കിണർ, കെട്ടിക്കിടക്കുന്ന ജലസ്രോതസുകൾ എന്നിവ ഒരുലിറ്റർ വെള്ളത്തിന് 2.5 ഗ്രാം എന്നതോതിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ട് ശുദ്ധീകരിക്കാം. രണ്ടുദവിസം പുല്ല്, വൈക്കോൽ എന്നിവ കൊടുത്തതിനുശേഷമെ കാലിത്തീറ്റ പോലുള്ള സാന്ദ്രാഹാരം നൽകാവൂ. കാലിത്തീറ്റ ഇളം ചൂടിൽ നൽകണം. അതുപോലെ ദിവസം രണ്ട് ടേബിൾ സ്പൂൾ അപ്പക്കാരം കാലിത്തീറ്റയിൽ ചേർക്കണം. ഏതാനും ദിവസത്തേക്ക് തീറ്റയോട് വിരക്തിയും പാൽ ഉൽപ്പാദനത്തിൽ കുറവും ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ തീറ്റയോട് വിരക്തിക്കൊപ്പം പനി, വിറയൽ എന്നീ ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം. അകിടിനും പാലിനുമുണ്ടാകുന്ന ഏത് മാറ്റവും അകിടുവീക്കത്തിന്റെ സൂചനയാകാം. അകിടിലെ തടിപ്പ്, കല്ലിപ്പ്, ചൂട്, നിറം മാറ്റം, പാലിന്റെ നിറത്തിലും കൊഴുപ്പിലുമുള്ള മാറ്റം, പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞുപോവുക എന്നിങ്ങനെ കണ്ടാൽ അകിടുവീക്കത്തിന്റെ പ്രകടമായ ലക്ഷണമായി പരിഗണിച്ച് ചികിത്സിക്കണം.

ഉരുക്കളുടെ ആരോഗ്യപരിപാലനം

 കിടാക്കളെ 60 വാട്ട് ഫിലമെന്റ് ബൾബിന് താഴെ കെട്ടണം

 മൃഗങ്ങളെ ഈർപ്പമില്ലാത്തിടത്ത് കെട്ടണം, തോർത്തണം

 ഉരുക്കളുടെ പുറത്ത് ചണച്ചാക്ക് കെട്ടുന്നത് നല്ലതാണ്

 കൊതുക്, ഈച്ച എന്നിവയെ അകറ്റാൻ പുകയിടണം

 മുറിവുണ്ടെങ്കിൽ വേപ്പെണ്ണയോ, ലോഷനോ പുരട്ടണം

 ഡോക്ടറുടെ നിർദ്ദേശപ്രകാരം വിരമരുന്ന് നൽകണം

 രോഗബാധ ഉണ്ടോ എന്ന് രണ്ടാഴ്ചക്കാലം നിരീക്ഷിക്കണം

കുളമ്പുരോഗ പ്രതിരോധം

5 ശതമാനം തുരിശു ലായനിയിൽ 20 മിനിട്ടുനേരം ആഴ്ചയിൽ 2 പ്രാവശ്യം ഉരുക്കളുടെ കാലുകൾ മുക്കിനിറുത്തണം.

സി.എം.ടി പരിശോധന

പ്രകടമായ അകിടുവീക്ക ലക്ഷണങ്ങൾ ഇല്ലെങ്കിൽപോലും എല്ലാ പശുക്കളുടേയും പാൽ ആഴ്ചയിൽ ഒരുദിവസം സി.എം.ടി. ടെസ്റ്റിന് (കാലിഫോർണിയ അകിടുവീക്ക നിർണയ പരിശോധന) വിധേയമാക്കണം. ഇത് തൊഴുത്തിൽവച്ച് കർഷകർക്ക് തനിയെ ചെയ്യാം.