ചിങ്ങവനം: അരനൂറ്റാണ്ടു മുൻപ് മഞ്ഞ് മലയിൽ മറഞ്ഞ വിമാനത്തിൽ ഉണ്ടായിരുന്ന സഹോദരന്റെ വിവരത്തിനായി കുടുംബവും കാത്തിരിക്കുന്നു. വിമാനാപകടത്തിൽ കാണാതായ കരസേനാംഗം രാജപ്പന്റെ വിവരങ്ങൾ എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തിത്താനം കപ്പപറമ്പിലായ കുളത്തുങ്കൽ വീട്ടിൽ മണിയപ്പനും കുടുംബവും. മലയാളി സൈനികർ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഹിമാചൽപ്രദേശിലെ മഞ്ഞുമലകളിൽ അപ്രത്യക്ഷമാകുകയായിരുന്നു. മണിയപ്പന്റെ മൂത്ത സഹോദരൻ രാജപ്പനും സംഘത്തിലുണ്ടായിരുന്നു. പിന്നീട് പലപ്പോഴായി പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്ന വിവരം മാത്രമാണ് വീട്ടുകാർക്ക് ലഭിച്ചിരുന്നത്. അപകടത്തിന് ശേഷം രാജപ്പന്റെ ബാഗും മറ്റു രേഖകളും വീട്ടിലേയ്ക്കു അധികൃതർ അയച്ചിരുന്നു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു എന്ന് മാത്രമാണ് പിന്നീട് ലഭിച്ച വിവരം. പതിനെട്ടാമത്തെ വയസ്സിൽ സേനയിൽ അംഗമായ രാജപ്പൻ ഇരുപത്തി ഏഴാമത്തെ വയസ്സിലാണ് അവസാനമായി വീട്ടിലെത്തിയത്. ഇന്ത്യ -പാക് യുദ്ധം നടക്കുന്നതിനാൽ ഉടൻ തന്നെ തിരിച്ചു വിളിക്കുകയായിരുന്നു. പതിമൂന്നു വർഷം മുൻപ് അമ്മ ലക്ഷ്മി മകന്റെ വിവരങ്ങൾ ഒന്നും അറിയാതെ മരിച്ചു. അനുജൻ മണിയപ്പനും ഭാര്യ രത്‌നമ്മയും മൂന്നു ആൺ മക്കളുമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്.