വൈക്കം: വൈക്കം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി അംഗീകാരമായി . വൈക്കം താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിനായി 2017-18 ലെ സംസ്ഥാന ബഡ്ജറ്റിലൂടെ അനുവദിച്ച പദ്ധതിയ്ക്ക് കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭിച്ചതായി സി.കെ.ആശ.എം.എൽ.എ അറിയിച്ചു. കേരളാസ്റ്റേറ്റ് ഹൗസിംഗ്ബോർഡ് തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം 95.37കോടി രൂപയുടെ ഭരണാനുമതി ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്നലെചേർന്ന കിഫ്ബി ഉന്നതാധികാരസമിതി പദ്ധതിയ്ക്ക് അന്തിമ അംഗീകാരം നല്കി. 67.96കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിനുള്ള അംഗീകാരമാണ് ഇന്നലെ കിഫ്ബി നൽകിയത്. അഞ്ച് നിലകളിലായി രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഉപകരണങ്ങൾക്കായാണ് 27.41കോടി രൂപ വകയിരുത്തിയിട്ടുള്ളത്. ഇത് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നമുറയ്ക്ക് ആരോഗ്യ വകുപ്പ് നൽകും. പതിറ്റാണ്ടുകൾ നീണ്ട പരാതികൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. നിത്യവും ആയിരക്കണക്കിന്‌രോഗികൾ ചികിത്സതേടിയെത്തുന്ന ആതുരാലയമാണിത്. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അപര്യാപ്തത മൂലം ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന വൈക്കം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നടത്തിയ നിരന്തരഇടപെടലുകളുടെ ഫലമായാണ് പദ്ധതി കിഫ്ബി അംഗീകരിച്ചത്.
ഗ്രാമീണമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായികേന്ദ്രസഹായത്തോടുകൂടി സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. സാങ്കേതിക പ്രശ്‌നങ്ങളാലുംകോൺട്രാക്ടറുടെ സാമ്പത്തിക പ്രതിസന്ധിയാലും സ്തംഭിച്ചുനിന്ന നിർമ്മാണപ്രവർത്തനം ഈ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് എം.എൽ.എയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് തടസങ്ങൾ നീക്കി നിർമ്മാണം പുനരാരംഭിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം പൂർത്തിയാകുന്നതോടെ നിലവിലെ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അങ്ങോട്ട് മാറ്റിയായിരിക്കും പുതിയ ആശുപത്രിയുടെ നിർമ്മാണം ആരംഭിക്കുക.