കോട്ടയം: അസമയത്തെ ഫോൺ വിളിയും വാട്സ് ആപ് സന്ദേശങ്ങളും അസഹ്യമായതോടെ കാമുകിയുടെ മൊബൈൽഫോൺ തട്ടിയെടുക്കാൻ യുവാവ് ക്വട്ടേഷൻ നല്കി. സംഗതി പൊളിഞ്ഞതോടെ കാമുകൻ അകത്തായി. ക്വട്ടേഷനെടുത്തയാളെ പൊലീസ് തിരയുന്നു. ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലാ നെച്ചിപ്പുഴൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
കാമുകനും കാമുകിയും വെവ്വേറെ വിവാഹിതരാണ്. ഇരുവർക്കും ഓരോകുട്ടിയുമുണ്ട്. ആറു മാസം മുമ്പാണ് ഇരുവരും കടുത്തപ്രേമത്തിലായത്. തുടർന്ന് സമയത്തും അസമയത്തും ഫോൺവിളിയും വാട്ട്സ് ആപ് സന്ദേശങ്ങളും അയയ്ക്കലുമൊക്കെയായി സംഭവം കൊടുന്പിരിക്കൊണ്ടു.
പാതിരാത്രിയിൽ ഫോൺകോൾ പതിവായതോടെ കാമുകന്റെ ഭാര്യയ്ക്ക് സംശയമായി. ഫോൺ ബെല്ലിടിച്ചാലുടൻ ഭർത്താവ് അതുമായി പുറത്തേയ്ക്കിറങ്ങും. ഭാര്യയാകട്ടെ ഉറക്കം ഭാവിച്ച് കിടക്കും. ഭർത്താവിന്റെ പുറത്തെ മഞ്ഞുകൊള്ളലും ഭാര്യയുടെ കിടപ്പറയിലെ അഭിനയവും അങ്ങനെ കുറച്ചുനാൾ തുടർന്നു. എന്നിട്ടും ഇത് ഇവിടംകൊണ്ടൊന്നും തീരുന്നലക്ഷണമൊന്നുമില്ലെന്ന് അറിഞ്ഞ യുവതിയായ ഭാര്യ, ഇത് കണ്ടുപിടിച്ചേ തീരൂവെന്ന് മനസ്സിലുറപ്പിച്ചു. അതോടെ ഭർത്താവിന്റെ കഷ്ടകാലവും തുടങ്ങി.
അന്നും രാത്രി പതിനൊന്നോടെ മൊബൈൽ ഫോൺ ശബ്ദിച്ചു. പതിവുപോലെ ഫോണും എടുത്ത് ഭർത്താവ് പുറത്തേക്കിറങ്ങി. ഭാര്യ ശബ്ദമുണ്ടാക്കാതെ പിറകെ പോയി. കാതുകൂർപ്പിച്ച് നിന്നു. അപ്പോഴാണ് എന്റെ പൊന്നേ, തേനേ വിളി കേട്ടത്.... ഇതോടെ ഭാര്യ പൊട്ടിത്തെറിച്ചു. ചാടിവീണ് ഫോൺ കൈക്കലാക്കി. ഇതോടെ കാമുകിയെ പിടികൂടി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിവരം ഭർത്താവിന്റെ അമ്മയെയും പിതാവിനെയും അറിയിച്ചു. സ്വന്തം മാതാപിതാക്കളെ വിവരം അറിയിച്ചതോടെ അവർ മകളുടെ വീട്ടിലെത്തി. ഇതോടെ കളം മൂത്തു. പിന്നെ ഭീഷണിയായി, ഉപദേശമായി... അവസാനം പ്രേമത്തിൽ നിന്ന് പിന്തിരിയാമെന്ന് ഇയാൾ സമ്മതിച്ചു.
എന്നാൽ കാമുകിയുണ്ടോ വിടുന്നു. തന്നെ വിവാഹം കഴിച്ചേ മതിയാവു എന്നായി അവർ. നമുക്ക് കൈകൊടുത്ത് സുഹൃത്തുക്കളായി പിരിയാം എന്ന് പറഞ്ഞ് കാമുകിയെ അടക്കാൻ ശ്രമിച്ചെങ്കിലും കാമുകി തണുത്തില്ലെന്ന് മാത്രമല്ല, പൊട്ടിത്തെറിക്കുകയും ചെയ്തു ;എന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതല്ലേ. ഞാൻ കുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച് കൂടെവരാമെന്ന് എത്രവട്ടം പറഞ്ഞില്ലേ, പിന്നെ എന്തിന് താൻ ഭാര്യയെ പേടിക്കണം എന്നായി കാമുകി.
ഇത്രയൊക്കെയായിട്ടും കാമുകിയുടെ ഫോൺകോളിന് ഒരു ശമനവുമുണ്ടായില്ല. രാത്രിയിലെ വിളിയിൽ നിന്ന് മോചനം കിട്ടാനായി കാമുകൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി വയ്ക്കും. എന്നാൽ കാമുകി തുരുതുരാ മെസേജുകൾ അയയ്ക്കലായി. ശല്യം വർദ്ധിച്ചതോടെ എങ്ങനെയും കാമുകിയുടെ മെസേജ് അയയ്ക്ക്ൽ അവസാനിപ്പിക്കാൻ കാമുകൻ ഉറച്ചു. മൊബൈൽ ഫോൺ അടിച്ചുമാറ്റാൻ തന്നെ കാമുകൻ തീരുമാനിച്ചു.
അവസാനം മൊബൈൽ ഫോൺ അടിച്ചുമാറ്റാൻ ഒരു ക്വട്ടേഷൻ സംഘത്തെ കാമുകൻ സമീപിച്ചു. തുകപറഞ്ഞ് ഉറപ്പിച്ച് അഡ്വാൻസും നല്കി. ഏറ്റുമാനൂരിലുള്ള ഒരാൾക്കാണ് ക്വട്ടേഷൻ നല്കിയത്. അടുത്ത ദിവസം തന്നെ ബൈക്കിലെത്തിയ ക്വട്ടേഷൻ സംഘം ബസിൽ വന്നിറങ്ങിയ കാമുകിയുടെ ബാഗും തട്ടിപ്പറിച്ചുകൊണ്ട് സ്ഥലം വിട്ടു. മോഷ്ടാവാണെന്ന് കരുതി കാമുകി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണമല്ല, മൊബൈൽ ഫോൺ ആണ് ലക്ഷ്യമെന്ന് തെളിഞ്ഞത്. ഇതോടെ ഭർത്താവ് അകത്തായി. ചുരുക്കത്തിൽ, മാനഹാനിയും ധനനഷ്ടവും കാരാഗ്രഹവാസവും ഫലം!