കോട്ടയം: കേരളകോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പോര് പരസ്പരം പുറത്താക്കലിലും ഷോക്കോസ് നോട്ടീസ് ഇറക്കലിലും എത്തി പാലാ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കും വിധം മൂർച്ഛിച്ചു. സെപ്തംബറിൽ കെ.എം.മാണി മരിച്ചിട്ട് ആറുമാസമാകുമെന്നതിനാൽ ഒക്ടോബർ ആദ്യമെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കണം. ജോസ്- ജോസഫ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടി ചിഹ്നവും വിപ്പും നൽകാനുള്ള അധികാരം ഒരു വിഭാഗത്തിന് നൽകും. അതുവരെ താത്ക്കാലിക ചുമതല നിലവിൽ വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനാണ്. ജോസ് വിഭാഗം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാതെ ജോസഫ് മറ്റൊരു പേര് പ്രഖ്യാപിച്ചാൽ യു.ഡി.എഫിൽ അത് വൻ പ്രതിസന്ധി സൃഷ്ടിക്കും. ഇരു വിഭാഗവും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 'സൗഹൃദ മത്സരം 'നടത്തുന്ന സാഹചര്യമുണ്ടായാൽ യു.ഡി.എഫിന്റെ ജയ സാദ്ധ്യതയെയും ബാധിച്ചേക്കാം. വർഷങ്ങൾക്കു മുമ്പ് കടുത്തുരുത്തി മണ്ഡലത്തിൽ കേരളകോൺഗ്രസിലെ ഇരുവിഭാഗവും സൗഹൃദമത്സരമെന്ന് വിളിച്ച് സ്ഥാനാർത്ഥിയെ നിറുത്തി പരസ്പരം മത്സരിച്ചപ്പോൾ വിജയം ഇടതു മുന്നണിക്കായിരുന്നു. പാലായിലും ഇരു ഗ്രൂപ്പുകളുടെയും സൗഹൃദമത്സര സാദ്ധ്യത ആരും തള്ളുന്നില്ല. ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം നടത്താനിരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗം കോട്ടയം മുൻസിഫ് കോടതി സ്റ്റേചെയ്തതോടെ 23ന് തൊടുപുഴയിൽ വീണ്ടും നടത്തും. ജോസ് വിഭാഗത്തിലെ 21 നേതാക്കളെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കുന്നതടക്കം കൂടുതൽ അച്ചടക്ക നടപടി യോഗം എടുത്തേക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി കോടതി വിധിക്കെതിരെ ജോസ് വിഭാഗം കട്ടപ്പന കോടതിയിൽ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജോസും ജോസഫും പരസ്പരം അംഗീകരിക്കാൻ തയ്യാറാകാതെ പുറത്താക്കലും കോടതി കയറ്റവും തുടങ്ങിയതോടെ സമവായസാദ്ധ്യത പൂർണമായും അടഞ്ഞു. പ്രശ്ന പരിഹാരം അസാദ്ധ്യമായതോടെ ഇരു വിഭാഗത്തെയും പിണക്കാതുള്ള ന്യൂട്രൽ കളിയാണ് യു.ഡി.എഫ് നടത്തുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ അംഗീകരിക്കാൻ യു.ഡി.എഫ് നേതൃത്വം നിർബന്ധിതമാകും. ഇത് വഴി യു.ഡി.എഫിന്റെ ഷുവർ സീറ്റെന്ന് വിശേഷിപ്പിക്കാവുന്ന പാലാ നഷ്ടപ്പെടുത്തുന്ന രാഷ്ടീയ സാഹചര്യമാവും ഉരുത്തിരിയുകയെന്നാണ് പൊതുവിലയിരുത്തൽ.

പാലാ ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയാകണമെന്ന് അന്തിമമായി തീരുമാനിക്കുക ചെയർമാന്റെ ചുമതല വഹിക്കുന്ന പി.ജെ.ജോസഫായിരിക്കും. ചിഹ്നവും വിപ്പും തീരുമാനിക്കാനുള്ള അവകാശവും ജോസഫിനാണ് . ആൾകൂട്ട യോഗം നടത്തി സ്വയം ചെയർമാനായ ജോസ് ഇപ്പോൾ കേരളകോൺഗ്രസിൽ (എം) ഇല്ല. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറുന്നതും യോഗം വിളിക്കുന്നതും നയപരമായ തീരുമാനമെടുക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാണ് .

മോൻസ് ജോസഫ് എം.എൽഎ