ചങ്ങനാശേരി : തെങ്ങണ - കുന്നുംപുറം റോഡിൽ കൈലാത്തുപടി ജംഗ്ഷനിൽ അനധികൃതമദ്യവില്പനയും കഞ്ചാവ് ഉപയോഗവും വർദ്ധിക്കുന്നതായി പരാതി. വർഷങ്ങളായി ഒരു ഓട്ടോ ഡ്രൈവറുടെ വീട് കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊളിക്കുന്നത്. ജനവാസമുള്ള പ്രദേശത്ത് നടക്കുന്ന നിയമലംഘത്തിനെതിരെ വ്യാപകപരാതിയാണ് ഉയരുന്നത്. അനധികൃതമദ്യവില്പനയുമായി ബന്ധപ്പെട്ട് സമീപവാസികൾ തൃക്കൊടിത്താനം പൊലീസിൽ നിരവധി തവണ പരാതി നല്കിയിരുന്നു. അതേസമയം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഏറെയും പ്രദേശത്ത് എത്തുന്നത്. പൊലീസ് മുമ്പ് നിരവധിതവണ നടപടിയെടുത്തിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം കഞ്ചാവ് മാഫിയയുടെ പ്രവർത്തനം സജീവമാകുകയായിരുന്നു. സമീപകാലത്ത് പ്രദേശത്ത് മോഷണ ശല്യവും പതിവാണ്. നിരവധി വീടുകളിൽ അടുത്തകാലത്തായി ചെറുതും വലുതുമായ മോഷണവും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്. അനധികൃത മദ്യം വാങ്ങാൻ എത്തുന്നവരാണ് ഇതിന് പിന്നിലെന്നാണ് പരാതി. മദ്യം വാങ്ങാനെത്തുന്നവർ നാട്ടുകാരെ അസഭ്യം പറയുന്നതും പതിവാണ്. നിരോധിത പുകയില വില്പനയും പ്രദേശത്ത് വ്യാപകമാണ്. ഇവിടെ തന്നെയുള്ള ചെറിയ കടകേന്ദ്രീകരിച്ചാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ കച്ചവടം. ഞായറാഴ്ച്ചകളിൽ പണം വെച്ച് ചീട്ടുകളിക്കുന്ന സംഘങ്ങളും ഇവിടെ അരങ്ങുതകർക്കുകയാണ്.