വളമിട്ട്, കളപറിച്ച് നെൽകൃഷി
കോട്ടയം: കഴിഞ്ഞ പ്രളയത്തിന് മടവീണ് നശിച്ച നൂറേക്കർ വരുന്ന മണിയാപറമ്പ് ചാലാകരി പാടശേഖരം അതിജീവനത്തിനായുള്ള ശ്രമത്തിലാണ്. പ്രളയത്തിന് മുമ്പേ പുറം ബണ്ട് ബലപ്പെടുത്തിയിട്ടും ബണ്ട് കവിഞ്ഞ് വെള്ളംകയറിയിരുന്നു. വെള്ളമിറങ്ങിയ ഉടനെ കിളിർത്ത കള പറിച്ച് പാടം ഒരുക്കുകയാണവർ. വെള്ളംകയറി നശിച്ചിടത്ത് പുതിയ ഞാറു നടന്നു. ഓമനയും പെണ്ണമ്മയും മണിയമ്മയുമൊക്കെ ആർത്ത് വിളിച്ച് ജോലി ചെയ്യുന്നു. അപ്പർകുട്ടനാട്ടിലെ കർഷകർ വെള്ളപ്പൊക്കത്തെ അതിജീവിച്ച് രണ്ടാം കൃഷി രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
മണിയാപറമ്പിലെ മഞ്ചാടിക്കരി പാടത്ത് മടവീണ് ദിവസങ്ങളോളം വെള്ളമായിരുന്നു. പക്ഷേ, ക്യാമ്പിലായിരുന്ന കർഷകരെല്ലാം ഒത്തൊരുമയോടെ ഇറങ്ങി വെള്ളം ഒഴുക്കി മട ബലപ്പെടുത്തി. ജീവൻപോലെ പരിപാലിക്കുകയാണ് നെൽച്ചെടികൾ.
30- 36 ദിവസം പിന്നിട്ട പാടശേഖരങ്ങളാണ് ഭൂരിഭാഗവും. വെള്ളം വറ്റിച്ചാൽ കൃഷിവീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് ഇവർക്കെല്ലാം. പുറംബണ്ടുകൾ ഉറപ്പിച്ച്, കൃഷിവകുപ്പിൽ നിന്നു ലഭിച്ചതും വാടകയ്‌ക്കെടുത്തതുമായ പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചെടുക്കുകയാണ്.
തടമെടുത്ത്,താങ്ങുകൊടുത്ത് പച്ചക്കറി
ഓണക്കാലം ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് ഭാഗത്ത് പച്ചക്കറി കൃഷി നടത്തിയത്. പ്രളയത്തിൽ എല്ലാം നഷ്ടമാകുന്നതു കണ്ട് കർഷകരെല്ലാം നൊമ്പരപ്പെട്ടു. എന്നാൽ 4 ദിവസമായി മഴ മാറിയതോടെ ഏറെ പ്രതീക്ഷയിലാണ് ഇവരെല്ലാം. മുളക്, വെണ്ട, പയർ, ചേന, ചേമ്പ് എന്നിവയെല്ലാം വീണ്ടെടുക്കാനുള്ള ശ്രമം. ചേനയുടെ ചുവട്ടിൽ വീണ്ടും തടമിട്ടു കൊടുത്തു. മുളക്, വെണ്ട എന്നിവ നിവർത്തി താങ്ങ് നൽകി . ചീര വിത്ത് മുഴുവൻ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയെങ്കിലും വീണ്ടും പാകി. ഏത്തവാഴ കൃഷി ഇപ്പോഴും വെള്ളത്തിലാണ്. മഴ മാറി നിന്നാൽ അവയും സംരക്ഷിക്കാം. ചെലവ് കൂടിയാലും വളമിട്ട്, തടമെടുത്ത് പുതുജീവനേകാമെന്ന പ്രതീക്ഷ.
'' കൃഷി നശിക്കുമ്പോൾ കരഞ്ഞിരുന്നിട്ട് കാര്യമില്ല. അതിനെ അതിജീവിക്കാൻ എന്തുചെയ്യാമെന്നുള്ള ചിന്തയിലാണ് ഞങ്ങളെല്ലാം. വെള്ളം പമ്പ് ചെയ്ത് മാറ്റും. ഈ കൃഷി പോയാൽ അടുത്ത കൃഷിയിൽ തിരിച്ചുപിടിക്കും''
- മണി, കർഷകൻ