കോട്ടയം : ഓണവിപണിക്ക് ഉന്മേഷമേകി ഓഫറുകളുടെ പെരുമഴക്കാലം. ഗൃഹോപകരണങ്ങൾ മുതൽ വാഹനങ്ങൾ വരെ ഓഫറുകളാൽ സമ്പന്നം. പരമാവധി കച്ചവടം നടക്കുന്നതിന് നിർമ്മാണ കമ്പനികൾ പ്രത്യേക ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും നൽകുന്നതാണ് ഓണക്കാലത്ത് സാധനങ്ങൾ വാങ്ങുന്നത് ആദായകരമാക്കുന്നത്. ചിങ്ങം പിറന്നപ്പോഴേ വിപണികൾ സജീവമായി. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങി ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടം സജീവമാണ്. പുതിയ സാങ്കേതിക വിദ്യകൾ, കമ്പനിയുടെ ബ്രാൻഡ്, വാറന്റി, വില്പനാനന്തര സേവനം എന്നിവ നോക്കിയാണ് ഇവ വാങ്ങുന്നത്. കൂടുതൽ വാറന്റിയും കാഷ്ബാക്കും വില്പനയെ സ്വാധീനിക്കുന്നുണ്ട്. വീട്ടിൽ തന്നെ തിയറ്റർ അനുഭവം പ്രദാനം ചെയ്യുന്ന വലുപ്പമുള്ള ടി.വിയോട് പ്രിയം കൂടിയിട്ടുണ്ട്.

പ്രമുഖ വസ്ത്രശാലകൾ മുതൽ നാട്ടിലെ സാധാരണ തയ്യൽജോലിക്കാർ വരെ കാശുവരുന്ന സീസണാണിത്. എല്ലാറ്റിനും പുതുമ വേണമെന്നുള്ളവരുടെ എണ്ണം കൂടിവരുന്നതിനാൽ വ്യാപാരത്തിന് പഞ്ഞമില്ല. സാരി, ചുരിദാർ, സ്‌കേർട്ട്, ദാവണി തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ മുതൽ ഓഫ് ഷോൾഡർ വസ്ത്രങ്ങളിൽ വരെ എത്തിനിൽക്കുന്ന ഓണം ഫാഷനിൽ ശാലീനതയ്ക്കല്ല, എലഗന്റും വൈബ്രന്റുമായ പുതുമയ്ക്കാണ് ഇപ്പോൾ മാർക്കറ്റ്. ഒട്ടും ഉടയാതെ സാരി വിപണിയും മുന്നിൽ തന്നെയുണ്ട്. വീതി കൂടിയ സാധാരണ കസവു സാരിയോടൊപ്പം മീറ്ററിന് ആയിരത്തിന് മുകളിൽ വിലയുള്ള ഡിസൈനർ ബ്ലൗസിട്ട് ട്രെൻഡിയാകാനാണ് യുവതലമുറയ്ക്കിഷ്ടം. സാരി ബോർഡറിലും ബ്ലൗസിലും പ്രിന്റുകൾ ഇത്തവണയും ഹിറ്റാണ്. ഓഫ് വൈറ്റ് സിൽക്ക് സാരികളും ഓണക്കോടിയുടെ പട്ടികയിലുണ്ട്. സാരി കഴിഞ്ഞാൽ ഡിസൈനർ കുർത്തികളും ചുരിദാറുകളുമാണ് യുവതികൾക്കു പ്രിയം. വ്യത്യസ്തതയുണ്ടെങ്കിൽ ഏതു ഡിസൈനും ക്ലിക്കാകുമെന്നാണ് വിപണിയിലെ പ്രത്യേകത.