പാലാ: മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങിൽ നിനച്ചിരിക്കാതെ മഹാത്മജി പ്രത്യക്ഷപ്പെട്ടപ്പോൾ സദസിനും ആവേശം. ഏഴാച്ചേരി സ്റ്റോണേജ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ധീര ജവാന്മാർക്കൊരു ബിഗ് സല്യൂട്ട് ' സമ്മേളന വേദിയിലാണ് ഗാന്ധിജിയുടെ രൂപ സാദൃശ്യമുള്ള വിശ്വനാഥൻ (ഗാന്ധി വിശ്വനാഥൻ) മഹാത്മജിയുടെ വേഷത്തിലെത്തിയത്. ഭാരവാഹികളിൽ ചിലർക്ക് മാത്രമേ ഗാന്ധിജിയായി വിശ്വനാഥൻ എത്തുമെന്ന വിവരം മുൻകൂട്ടി അറിയാമായിരുന്നുള്ളൂ. അതു കൊണ്ടു തന്നെ സമ്മേളവേദിയിൽ പൊടുന്നനെ ഗാന്ധിജി എത്തിയപ്പോൾ വിദ്യാർത്ഥികൾ കൂടി നിറഞ്ഞ സദസിലാകെ ആദ്യം ആശ്ചര്യം, പിന്നെ നിലയ്ക്കാത്ത കൈയടിയും.
സദസിനു പിന്നിലൂടെ വേദിയിലേക്കു വന്ന ഗാന്ധിജി , സൈനികരെ ആദരിച്ചും, അവരുടെ സേവനങ്ങൾ പുകഴ്ത്തിയും നല്ലൊരു സന്ദേശവുമേകി. ഒടുവിൽ വേദിയിലിരുന്ന വിശിഷ്ടാതിഥികളായ കേണൽ കണ്ണനാട്ട് വെങ്കിട്ടൻ ആചാരി, ഡി.ഐ.ജി. ടി.ജെ. ജേക്കബ്ബ്, എൻ.സി.സി. ഫസ്റ്റ് ഓഫീസർ ഫിലോമിന സെബാസ്റ്റ്യൻ എന്നിവരെക്കൊണ്ടും സദസ്സിലെ മുഴുവൻ പേരെക്കൊണ്ടും 'ഭാരത് മാതാ കി ജയ് ' മൂന്നു തവണ വിളിപ്പിച്ചു. 'രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം .... എന്ന പ്രസിദ്ധമായ ഭജൻ ഉറക്കെപ്പാടിക്കൊണ്ട് മഹാത്മജി വേദി വിടുമ്പോൾ കാണികൾ ഒന്നടങ്കം കയ്യടിയോടെയാണ് യാത്രയാക്കിയത്.
മുൻ കാഥികനും ഇടനാട് കോയിക്കൽ കുടുംബാംഗവുമായ വിശ്വനാഥൻ ആറു വർഷം മുമ്പാണ് 'ഗാന്ധിജി ' യുടെ വേഷമണിഞ്ഞു തുടങ്ങിയത്. ഇദ്ദേഹത്തിന്റെ മുഖത്തെ ഗാന്ധിജിയുടെ രൂപ സാദൃശ്യം വർഷങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞ 'കേരളകൗമുദി ' ലേഖകൻ സുനിൽ പാലായാണ് ഈ വേഷം ചേരുമെന്ന് അഭിപ്രായപ്പെട്ടത്. വേദിയിൽ വിശ്വനാഥൻ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
ഇന്നലെ ഏഴാച്ചേരിയിൽ ഇദ്ദേഹത്തിന്റെ ഗാന്ധി വേഷത്തിന്റെ അഞ്ഞൂറാമത് വേദിയുമായിരുന്നു. ഭാര്യ പത്മകുമാരിയും മക്കൾ രാജേശ്വരി, ദീപ, വിഷ്ണു എന്നിവരും മറ്റുള്ളവരെപ്പോലെ വിശ്വനാഥനിലെ 'ഗാന്ധിജി ' യുടെ ആരാധകരാണ്. പാലാ ടൗണിൽ ലോട്ടറി കച്ചവടമാണ് തൊഴിൽ. കഴിഞ്ഞ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനവും, അതിന് മുമ്പ് ഒരു ഒന്നാം സമ്മാനവും ഇദ്ദേഹം വിറ്റ ടിക്കറ്റിന് കിട്ടിയിട്ടുണ്ട്. 'എങ്കിലും ഗാന്ധിജിയാണെന്റെ ഭാഗ്യം, പുണ്യവും' വിശ്വനാഥൻ പറയുന്നു.