ചങ്ങനാശേരി: ഒന്നേകാൽ കിലോ കഞ്ചാവുമായി മൊത്ത കഞ്ചാവ് കച്ചവടക്കാരൻ ചങ്ങനാശേരി എക്സൈസിന്റെ പിടിയിൽ. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് പാറയിൽ അജേഷിനെ (23) കഞ്ചാവുമായി പിടികൂടിയത്. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് ചങ്ങനാശേരിയിൽ വിറ്റഴിക്കുകയാണ് രീതി. ഇതുവഴി കിട്ടുന്ന പണംകൊണ്ട് ആർഭാട ജീവിത നടത്തിവരികയായിരുന്നു ഇയാൾ. പിടികൂടിയ എക്സൈസ് ഉദ്യോഗസഥർക്ക് എതിരെ വരെ പ്രതി വധ ഭീഷണി മുഴക്കി. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ രാജീവ്, സ്‌ക്വാഡ് അംഗങ്ങളായ രാജീവ്, രതീഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബ്ലസൺ സന്തോഷ് ,ലാലു തങ്കച്ചൻ ,അനീഷ് രാജ്, രാജേഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.