t

പാലാ: സബ് ജയിൽ റോഡിൽ വാഹനങ്ങളുടെ തടവറ; യാത്രക്കാർ ബന്ധികളും....! ഒരു വ്യക്തിയുടെ സഞ്ചാരസ്വാതന്ത്യം പൊതുവഴിയിൽ നിഷേധിക്കുന്നതും കുറ്റകരമല്ലേ, അത് ഒരു ജയിലിനു മുൻപിലായാലോ?. പാലാ സബ്ജയിലിനു മുൻപിലേക്ക് വരൂ സഞ്ചാരസ്വാതന്ത്ര്യം എപ്രകാരമൊക്കെ തടയാൻ സാധിക്കും എന്നതിന്റെ നേർക്കാഴ്ചയുണ്ട് ഇവിടെ. പാലാ ടി.ബി റോഡിൽ നിന്നും രാമപുരം-കൂത്താട്ടുകുളം റോഡിലേക്കുള്ള ഇടറോഡിന്റെ ഒരു വശത്താണ് സബ് ജയിൽ, ബി.എസ്.എൻ.എൽ.ഓഫീസ്, മറുവശത്ത് ജില്ലാ ട്രഷറി, രജിസ്ട്രാർ ഓഫീസ്, പാലാ ബി.പി. ഒ ഓഫീസ് എന്നിവ. രാമപുരം റോഡിലേക്ക് ചേരുന്ന ഭാഗത്താകട്ടെ സിവിൽ സ്റ്റേഷൻ. ഇത്രയും ഓഫീസുകളാണ് ഈ റോഡുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നത്. സിവിൽ സ്റ്റേഷനിലേക്കും, രജിസ്ട്രാർ ഓഫീസിലേക്കും, ട്രഷറിയിലേക്കും വരുന്ന കാൽനടയാത്രികർക്ക് പാലാ ടൗണിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ ശേഷം സഞ്ചരിക്കാവുന്ന എളുപ്പവഴിയാണ് ഈ റോഡ്. എന്നാൽ സബ് ജയിലും ബി.എസ്.എൻ.എല്ലും ഒഴിച്ച് മേൽപ്പറഞ്ഞ ഓഫീസുകളിലെത്തുന്നവർക്കെല്ലാം വാഹന പാർക്കിംഗ് സ്ഥലങ്ങളുണ്ട്.
പലരും സ്വകാര്യ വഴിയെന്ന രീതിയിലാണ് ഈ റോഡിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. രാവിലെ വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം നഗരത്തിലെ മറ്റ് സ്വകാര്യ ആവശ്യങ്ങൾ സാധിക്കുന്നവരുമുണ്ട്. ഇവർ പലപ്പോഴും മണിക്കൂറുകൾക്ക് ശേഷമാണ് വാഹനങ്ങൾ തിരികെ എടുത്തു കൊണ്ടുപോവുക. സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെത്തുന്നവർക്ക് അവിടെ പാർക്കിംഗിന് സ്ഥലമുണ്ടെങ്കിലും പലപ്പോഴും സബ് ജയിൽ റോഡിൽ വാഹനങ്ങൾ പാർക്കു ചെയ്യുകയാണ് പതിവ്. അടിയന്തിര ഘട്ടങ്ങളിൽ ജയിലുകളിലെത്തുന്ന വാഹനങ്ങൾക്കും മറ്റും പലപ്പോഴും ഇവിടെയെത്തുമ്പോൾ ബുദ്ധിമുട്ട് നേരിടാറുണ്ട്. ജയിലിനു മുന്നിൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ലെന്ന നിയമവും ഇവിടെ ലംഘിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർ കാൽനടയായി സഞ്ചരിക്കുന്ന വഴിയിലാണ് ഈ ദുർഗതി. ഇതൊക്കെ 'കാണാൻ കഴിവുള്ള ' ട്രാഫിക് പോലീസുമിപ്പോൾ പാലായിലില്ല എന്നതാണ് ദുഃഖകരമായ വസ്തുത.