കോട്ടയം: പാമ്പാടി വില്ലേജ് ഓഫീസർക്ക് അടിയന്തിരമായി ഒരു ടാക്സി അനുവദിക്കണം. ഓട്ടോറിക്ഷ ആയാലും മതി. മുറ്റത്തുനിന്ന വൻമരം കടപുഴകിവീണ് മേൽക്കൂര തകർന്ന ഭിന്നശേഷിക്കാരന്റെ വീട് സന്ദർശിക്കാനാണ്.
പാമ്പാടി പതേപ്പറമ്പിൽ പി.ജി. ഗോപാലകൃഷ്ണനാണ് മരംവീണ് മേൽക്കൂര തകർന്നവീട്ടിൽ പത്തുദിവസമായി വില്ലേജ് ഓഫീസറുടെ എഴുന്നള്ളത്ത് കാത്ത് കഴിയുന്നത്. 8ന് പുലർച്ചെ വീണമരം ഇന്നും വെട്ടിമാറ്റിയിട്ടില്ല. 46 ഇഞ്ച് വണ്ണമുള്ള പെരുമരമാണ് കടപുഴകി വീണിരിക്കുന്നത്. വില്ലേജ് ഓഫീസർ വന്ന് നഷ്ടം കണക്കാക്കാതെ മരം വെട്ടാനാവില്ലെന്നാണ് ചട്ടം. തിങ്കളാഴ്ച ഓഫീസിൽ നേരിട്ടെത്തി അപേക്ഷയും റേഷൻകാർഡും, തിരിച്ചറിയൽ കാർഡും മറ്റ് രേഖകളുമൊക്കെ സമർപ്പിച്ചു. അതുകൊണ്ട് മാത്രമായില്ല, ഓഫീസർ നേരിട്ട് വന്ന് സ്ഥലം കാണണമല്ലോ. അപേക്ഷകൻ സ്വന്തം ചെലവിൽ ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുചെന്നാൽ കൂടെ വരാമെന്നാണ് ഓഫീസർ പറയുന്നത്. പാമ്പാടി വില്ലേജ് ഓഫീസും ഗോപാലകൃഷ്ണൻ്റെ വീടും തമ്മിൽ വലിയ ദൂരമൊന്നുമില്ല. ഓട്ടോറിക്ഷയ്ക്ക് കഷ്ടിച്ച് 30 രൂപ മതിയാകും. അത്രയും തുക ചെലവഴിക്കാൻ വില്ലേജ് ഓഫീസർക്ക് ബുദ്ധിമുട്ടാണ്.
ഒരു വാഹനാപകടത്തിൽ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ൻ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. 50 ശതമാനം അംഗവൈകല്യമുണ്ട്. ലോട്ടറി വിൽപ്പനയാണ് ഉപജീവനമാർഗം. ലോട്ടറി വിൽപ്പനക്കാരിയായിരുന്ന ഭാര്യ സോമിനി രണ്ടുവർഷം മുമ്പ് മരിച്ചു. ഇളയമകളും ഗോപാലകൃഷ്ണനും മാത്രമാണ് വീട്ടിലുള്ളത്. കിടപ്പുമുറിക്ക് മുകളിലാണ് മരം വീണത്. അതിനുശേഷം മഴപെയ്താൽ നനയാതിരിക്കാൻ കുടനിവർത്തി അയയിൽ കെട്ടിനിറുത്തിയി അതിന് താഴെയാണ് കിടന്നുറങ്ങുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ട് പരിചയമുള്ളതുകൊണ്ട് പുതുപ്പള്ളിയിലെ വീട്ടിൽപോയി കണ്ട് മരംവീണ കാര്യം പറഞ്ഞിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചനോട് ഗോപാലകൃഷന്റെ കാര്യം ശരിയാക്കിക്കൊടുക്കണമെന്ന് ഉമ്മൻചാണ്ടി പറയുകയും ചെയ്തു. പക്ഷേ പത്തുദിവസമായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. പ്റളയക്കെടുതിയല്ല, എന്തായാലും ഓഫീസർ സ്ഥലത്ത് വന്ന് പരിശോധിക്കണമെങ്കിൽ വണ്ടി വിളിച്ചുകൊണ്ട് ചെല്ലണം.