വൈക്കം : ഒരു വ്യാഴവട്ടത്തിനിടെ 101 ശിലാസ്ഥാപനം നടത്താൻ നിയോഗം. എസ്.എൻ.ഡി.പി.യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷിന് ഇത് അഭിമാനത്തിന്റെ നിമിഷം. 12 വർഷം മുമ്പ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ ബിനേഷിന്റെ സേവന മികവിന് നൂറുമേനി തിളക്കം.
യൂണിയന്റെ കീഴിലുള്ള 54 ശാഖകളിലായി വിവിധ പദ്ധതികൾക്ക് അടിത്തറയിട്ട അപൂർവ നേട്ടമാണ് ബിനേഷ് സ്വന്തമാക്കിയത്. വൈക്കത്ത് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒന്ന്. ശിലയിട്ട 94 പദ്ധതികളും യാഥാർത്ഥ്യമായി. ശേഷിച്ചവ നിർമ്മാണ ഘട്ടത്തിലുമാണ്. 2007 ൽ പട്ടശ്ശേരി ക്ഷേത്രത്തിൽ തിടപ്പള്ളിക്ക് ശിലയിട്ടാണ് സേവന ദൗത്യത്തിന് തുടക്കമിട്ടത്. 2019 ആഗസ്റ്റ് 21 ന് വടക്കേ ചെമ്മനത്തുകരയിൽ ഗുരുദേവ ക്ഷേത്രത്തിൽ പ്രാർത്ഥനാലയത്തിന് ശിലയിട്ടപ്പോൾ അത് 101-ാം മത്തെ പദ്ധതിയായി.
ഗുരുദേവ ക്ഷേത്രങ്ങൾ, കൊടിമരങ്ങൾ, ചുറ്റമ്പലം, ശാഖാ മന്ദിരങ്ങൾ, ക്ഷേത്രഗോപുരങ്ങൾ, പ്രാർത്ഥനാലയങ്ങൾ അങ്ങനെ നീളുന്നു ബിനേഷിന്റെ കൈയ്യടയാളം പതിഞ്ഞ പദ്ധതികൾ. തൊട്ടതെല്ലാം പൊന്നാകുമെന്ന ചൊല്ലിനെ അന്വർത്ഥമാക്കുകയാണ് ബിനേഷിന്റെ കൈപുണ്യം. സർക്കാർ തലത്തിലും മറ്റും കൊട്ടിഘോഷിച്ച് ശിലയിട്ടതു പലതും ഉയരാത്ത പദ്ധതികളായി കാടുപിടിച്ച് കിടക്കുമ്പോൾ ബിനേഷ് ഇട്ട ശിലകളൊന്നും അനാഥമായില്ല. ശാഖകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്താൻ മുഹൂർത്തം കുറിക്കും മുമ്പേ ബിനേഷിന്റെ സാന്നിധ്യം ഉറപ്പാക്കുക പതിവാണ്. ആ കൈപുണ്യത്തിന്റെ പെരുമയാണിതു കാണിക്കുന്നത്.
വടക്കേ ചെമ്മനത്തുകര 1295 -ാം എസ്. എൻ. ഡി. പി. ശാഖയിൽ ബുധനാഴ്ച രാവിലെ നടന്ന പ്രാർത്ഥാനാലയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മേൽശാന്തി എം. ഡി. ഷിബു മുഖ്യകാർമ്മികനായി. ശാഖാ പ്രസിഡന്റ് സതീശൻ കടവിൽപ്പറമ്പ്, സെക്രട്ടറി ബ്രിജിലാൽ, ഷിനി സുരേഷ്, സുമ കുസുമൻ, അരുൺ അനിഴം, വി. വി. കനകാംബരൻ, ലക്ഷ്മണൻ അരയശ്ശേരി എന്നിവർ പങ്കെടുത്തു.