വൈക്കം : ആറ്റിങ്ങൽ കലാപീഠത്തിലേക്ക് പോയ ക്ഷേത്ര കലാപീഠം വിദ്യാർത്ഥികൾ വൈക്കം ക്ഷേത്ര കലാപീഠത്തിൽ തിരിച്ചെത്തി. തകിൽ, നാദസ്വരം എന്നി കോഴ്‌സുകളിലെ ഒന്നാം വർഷ ബാച്ചിലെ 30 വിദ്യാർത്ഥികളാണ് വൈക്കം ക്ഷേത്ര കലാപീഠത്തിൽ തിരിച്ചെത്തിയത്. ഇവർക്ക് ഇന്നലെ മുതൽ ക്ലാസ്സ് ആരംഭിച്ചു. 1982 ൽ വൈക്കത്ത് ആരംഭിച്ച് ക്ഷേത്ര കലാപീഠത്തിൽ പഞ്ചവാദ്യ വിഭാഗത്തിൽ 40 ഉം തകിൽ, നാദസ്വരം വിഭാഗങ്ങളിൽ 15 ഉം വീതം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. ത്രിവൽസര ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും ദേവസ്വം ബോർഡ് സൗജന്യമായണ് നൽകുന്നത്. ഗുരുകുല സമ്പ്രദായത്തിൽ പഠനം നടത്തുന്ന ഇവിടെ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിന് വേണ്ട സൗകര്യം വൈക്കം കലാപീഠത്തിൽ ദേവസ്വം ഒരുക്കിയിട്ടുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികൾക്ക് ദേവസ്വം ബോർഡ് ജോലിയും നല്കിയിട്ടുണ്ട്.
പുതിയ അദ്ധ്യയന വർഷത്തേക്ക് വൈക്കം ക്ഷേത്ര കലാപീഠത്തിലേക്ക് അപേക്ഷ ക്ഷണിക്കുകയും ഇന്റർവ്യൂ നടത്തുകയും ചെയ്‌തെങ്കിലും ദേവസ്വത്തിന്റെ ചില ക്രമികരണങ്ങളുടെ ഭാഗമായി തകിൽ, നാദസ്വരം വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തുടങ്ങിയത് ആറ്റിങ്ങലിലാണ്. വൈക്കം ക്ഷേത്രത്തിനോട് അനുബന്ധിച്ച് തുടങ്ങിയ കലാപീഠത്തിന്റെ ഒരു ഭാഗം അടർത്തി മാറ്റിയതിൽ ശക്തമായ പ്രതിഷേധവുമുണ്ടായി. കലാപീഠം മാറ്റരുതെന്ന് ആവശ്യപ്പെട്ട് സി. കെ. ആശ എം. എൽ. എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇതിനിടയിൽ കലാപീഠത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കോടതിയേയും സമീപിച്ചിരുന്നു.