കോട്ടയം: അക്ഷരനഗരിയിൽ അരഡസനോളം ദുരന്തസാദ്ധ്യതകൾ മിഴിതുറന്ന് നിന്നിട്ടും പരിഹരിക്കേണ്ടവർ കണ്ടഭാവം നടിക്കുന്നില്ല. നഗരത്തിലെ ചില കുഴികളാണ് അപകടസാദ്ധ്യതയുടെ കാര്യത്തിൽ മുൻപന്തിയിൽ. ഓരോ നിർമ്മാണ പ്രവർത്തികളുടെ പേരിൽ നിർമ്മിക്കുന്ന കുഴികൾ സമയബന്ധിതമായി മൂടാറില്ലെന്നതാണ് പ്രശ്നം.

സി.എം.എസ് കോളേജ് റോഡിൽ ഓടയുടെ മുകളിലെ സ്ലാബ് എടുത്തുമാറ്റിയിട്ട് മൂന്ന് മാസത്തോളമായി. ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമാണ് ഇത് ഏറെ ഭീഷണിയായിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്നവരുടെ ഭാഗ്യംകൊണ്ട് മാത്രമാണ് അപകടമൊന്നും സംഭവിക്കാത്തത്.

ടി.ബി- എം.എൽ റോഡിൽ ചന്തക്കടവിന് സമീപം ഓടതുറന്നൊരു കെണിയൊരുക്കിയിട്ട് നാല് മാസത്തോളമായി. നഗരത്തിലെ മലിനജല നിർഗമനത്തിന്റെ ഭാഗമായ ഓടനവീകരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നാളേറെയായിട്ടും നവീകരണം നടന്നുമില്ല. പദ്ധതിനടത്തിപ്പ് ചുമതല നഗരസഭയ്ക്കാണ്.

തിയേറ്റർ റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഇലക്ട്രിക് പോസ്റ്റും അപകടാവസ്ഥയിലായിരിക്കുകയാണ്. ടൗണിൽ നിന്ന് ചന്തക്കടവിലേക്കും തിരിച്ചും നൂറുകണക്കിന് ആളുകൾ നടന്നുപോകുന്ന വഴിയിലാണ് ഈ അപകടഭീഷണി തലയുയർത്തി നിൽക്കുന്നത്. നിലവിൽ ചാഞ്ഞുനിൽക്കുന്ന പോസ്റ്റ് മാത്രമല്ല, സമീപത്തെ വൻമരമുൾപ്പെടെ അപകടാവസ്ഥയിലുമാണ്.

ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം പ്രധാനറോഡിലെ നടപ്പാതയിൽ തറയോടുകൾ ഇളകി യാത്രക്കാർക്ക് ഭീഷണിയായിട്ടും മാസങ്ങളായി. ടൈൽ പാകിയിരിക്കുന്ന ഭാഗം ഇടിഞ്ഞുതാഴ്ന്നും ചിലയിടങ്ങളിൽ ടൈലുകൾ ഇളികമാറിയും കിടക്കുകയണ്. കുട്ടികളും വൃദ്ധരുമാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. എം.സി മുതൽ എം.എൽ റോഡുവരെ എവിടെനോക്കിയാലുമുണ്ട് ചെറും വലുതുമായ ഒന്നിലേറെ ദുരന്തസാദ്ധ്യതകൾ.

 ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വെയിലും മഴയും ഫ്രീ

ദിവസവും നൂറുകണക്കിന് യാത്രക്കാർ കാത്തുനിൽക്കുന്ന നാഗമ്പടം പാലത്തിന്റെ ഇരുവശത്തെയും ബസ് സ്റ്റോപ്പുകളാണ് നഗരത്തിന് ഏറെ നാണക്കേടുണ്ടാക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർ വെയിലും മഴയുമേറ്റ് കാത്തുനിന്നാലെ ബസിൽ കയറാനാകു. യാത്രക്കാരുടെ പരാതികൾ പലതവണ വാർത്തയായെങ്കിലും നടപടി എടുക്കേണ്ടവർ മൗനത്തിലാണ്.