roacks
ചിത്രം: തലമാലി കലുങ്കിന് സമീപം ഒഴുകിയെത്തിയ പാറകളില്‍ ഒന്ന്

അടിമാലി: കാലവർഷത്തിന് ശമനമുണ്ടായെങ്കിലും അടിമാലി അപ്‌സരക്കുന്ന് ഭാഗത്തെ കുടുംബങ്ങളുടെ ആശങ്കയൊഴിയുന്നില്ല.
കുരങ്ങാട്ടി വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്താണ് അടിമാലി അപസരകുന്ന് ഭാഗം സ്ഥിതി ചെയ്യുന്നത്.പാറയുടെ മുകളിൽ നിന്നും തട്ട് തട്ടായി താഴേക്ക് പതിക്കുന്ന ജലപാതത്തിന് ഏറെ ഭംഗിയുണ്ടെങ്കിലും നാട്ടുകാരുടെ മനസ്സിൽ ഈ വെള്ളച്ചാട്ടം എന്നും ആശങ്കയാണ്.വെള്ളച്ചാട്ടത്തിന് കുറുകെ നിർമ്മിച്ചിട്ടുള്ള തലമാലി കലുങ്ക് ഉൾപ്പെടുന്ന ഭാഗമാണ് പ്രദേശത്താകെ നിരന്ന സ്ഥലമായുള്ളത്.ഒഴുക്ക് വർദ്ധിക്കുന്നതോടെ മുകൾഭാഗത്തു നിന്നും ഉരുളൻ കല്ലുകൾ അടർന്നു വന്ന് തലമാലി കലുങ്കിന് സമീപം തങ്ങി നിൽക്കും.ഇവിടെ നിന്നും കല്ലുകൾ താഴേക്ക് പതിച്ചാൽ അത് വെള്ളച്ചാട്ടത്തിന് ഇരുവശത്തുമുള്ള വീടുകൾക്ക് മുകളിൽ പതിക്കാൻ സാദ്ധ്യതയേറെയാണ്.പതിവിന് വിപരീതമായി ഇത്തവണ വലിയ കല്ലുകൾ അടർന്ന് തലമാലി കലുങ്കിന് സമീപം തങ്ങി നിൽക്കുന്നു.അവ താഴേക്കൊഴുകി നീങ്ങാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.അപ്‌സരകുന്നിലെ കുടുംബങ്ങളുടെ ഈ ആശങ്ക ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.പ്രശ്‌ന പരിഹാരത്തിനായി വിവിധ ഇടങ്ങളിൽ ആവശ്യമുന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന പരാതി നാട്ടുകാർക്കുണ്ട്.

ചിത്രം: തലമാലി കലുങ്കിന് സമീപം ഒഴുകിയെത്തിയ പാറകളിൽ ഒന്ന്‌