കോട്ടയം: പാവപ്പെട്ടവർക്കായി പല പദ്ധതികളും പ്രഖ്യാപിക്കുമ്പോഴും ഇതിന്റെ ഗുണങ്ങളൊന്നും ലഭിക്കാതെ ചില ജീവിതങ്ങൾ നഗരകവാടത്തിലെ നാഗമ്പടം പാലത്തിന് താഴെ മീനച്ചിലാറിന്റെ തീരത്തുണ്ട്. 40 വർഷത്തിലേറെയായി 13 കുടുംബങ്ങളാണ് ഇവിടെ നരകയാതന അനുഭവിച്ച് കഴിയുന്നത്. വൃദ്ധരും കൈകുഞ്ഞുങ്ങളുമുൾപ്പടെ അൻപതിലേറെ മനുഷ്യർ നിന്നുതിരിയാൻ ഇടമില്ലാത്ത രണ്ടോ മൂന്നോസെന്റ് പുറംപോക്ക് ഭൂമിയിലെ കുടുസുമുറികളിലാണ് താമസിക്കുന്നത്. കയറിക്കിടക്കാൻ സുരക്ഷിതമായ വീടില്ലെന്നതാണ് പ്രധാന പ്രശ്നം. പകൽസമയത്തുപോലും വീടിന് പുറത്തിറങ്ങിയിരിക്കാൻ വൃത്തിയുള്ള പരിസരമില്ല. പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെ താമസിക്കുന്ന സ്ഥലമായിട്ടും സുരക്ഷയും ശുചിത്വവുമുള്ള ശൗചാലയങ്ങളില്ല. മഴയൊന്ന് കനത്താൽ മീനച്ചിലാറിലെ വെള്ളവും മാലിന്യങ്ങളും ആദ്യം ഇരച്ചുകയറുന്നത് ഇവരുടെ ആവാസഭൂമിയിലേക്കാണ്. ആണ്ടുതോറും ആവർത്തിക്കുന്ന ഇത്തരം ദുരന്തങ്ങൾ ഇവിടുത്തെ ഓരോ മനുഷ്യരുടേയും ജീവിതത്തിൽ ചെലുത്തിയ ദുസ്വാധീനം ചെറുതല്ല. പലരും നിത്യരോഗികളായി മാറി. ഒരുവയസുള്ള കുരുന്നുമുതൽ വൃദ്ധർ വരെ രോഗികളുടെ കൂട്ടത്തിലുണ്ട്.

ഇവിടെനിന്നുള്ള മോചനത്തിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. ഭവനരഹിതർക്കും, ഭൂരഹിതർക്കുമൊക്കെ വീടും സ്ഥലവും നൽകുന്ന നിരവധി പദ്ധതികൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കോട്ടയം നഗരസഭയും നടപ്പിലാക്കി. ആ ഇനത്തിൽ കോടികൾ ചെലവഴിച്ചിട്ടും ഈ പാവങ്ങളുടെ കണ്ണുനീർ ആരും കണ്ടില്ല. ഗുണഭോക്താക്കളുടെ മുൻഗണന പട്ടിക തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ തിരിച്ചും മറിച്ചും പരിശോധിച്ചാലും മീനച്ചിലാറിന്റെ പുറമ്പോക്കിലെ ഈ13 കുടുംബങ്ങളെ മാറ്റിനിറുത്താൻ കഴിയുമായിരുന്നില്ല. എന്നിട്ടും ഇതുവരെ വന്ന പദ്ധതികളൊക്കെ ഇവരെ കൈ ഒഴിഞ്ഞു. ഇനി വരാനിരിക്കുന്ന ലൈഫ് പദ്ധതി മാത്രമാണ് ഏകപ്രതീക്ഷ.

 ലൈഫ് പദ്ധതിയിൽ പരിഗണിക്കും

ലൈഫ് പദ്ധതിയിൽ ഉൾപ്പെടത്തി നഗരസഭ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ നാഗമ്പടം പാലത്തിന് താഴെ താമസിക്കുന്നവർ ഉൾപ്പെടെ നഗരസഭ പരിധിയിലെ മുഴുവൻ പുറമ്പോക്ക് നിവാസികൾക്കും വീട് അനുവദിക്കും. അതിനുള്ള പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ട്. മതിയായ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. സർക്കാരിൽ നിന്ന് ഫണ്ട് അനുവദിച്ചുകിട്ടുന്നതിലുള്ള കാലതാമസം മാത്രമേ ബാക്കിയുള്ളു.

- ഡോ. പി.ആർ സോന, ചെയർപേഴ്സൺ, കോട്ടയം നഗരസഭ

 ഈ നരകത്തിൽ നിന്നുള്ള മോചനത്തിന് ഭാവിജീവിതം സ്വപ്നംകണ്ട് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയിട്ടും പാലത്തിന് താഴെ പുറമ്പോക്കിലെ താമസമെന്ന മേൽവിലാസം കാരണം ഞങ്ങളുടെ മക്കൾക്ക് നല്ലൊരു ജോലിപോലും കിട്ടുന്നില്ല. ജോലിക്ക് മാത്രമല്ല, വിവാഹത്തിനും ഈ വിലാസം തടസമാണ്. പെൺവീട്ടുകാർ ചെറുക്കനെ ഇഷ്ടപ്പെട്ടാലും വീടും പരിസരവും കാണുമ്പോൾ ഓടിപ്പോവുകയാണ്. ഇതൊരു വല്ലാത്ത ദുരന്തം തന്നെയാണ്.

- സിജു, സ്ഥലവാസി