കോട്ടയം : മീൻ പിടിക്കുന്നതിനായി പാടശേഖരത്തിലൂടെ വള്ളത്തിൽ പോകുന്നതിനിടെ താഴ്‌ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മത്സ്യതൊഴിലാളി മരിച്ചു. കുമരകം കണ്ണാടിച്ചാൽ ആറ്റുപുറം രഘുവരൻ (70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുമരകം കണ്ണാടിച്ചാൽ പാറേക്കാട്ട് പാടശേഖരത്തിലായിരുന്നു സംഭവം. വള്ളത്തിൽ മീൻ പിടിക്കാൻ പോയ രാഘവന്റെ തലയിൽ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. വൈദ്യുതി ലൈൻ പൊട്ടിവീഴുമോ എന്ന ഭയത്താൽ ആരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് നാട്ടാകാർ വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. ഇവർ എത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്‌ത ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മാറ്റി. വൈദ്യുതി വകുപ്പിനെതിരെ കേസെടുക്കാനാവുമോ എന്ന് പരിശോധിക്കുമെന്ന് കുമരകം പൊലീസ് അറിയിച്ചു.