കോട്ടയം: പാമ്പനാർ എസ്.എൻ കോളേജിനെതിരെ സി.പി.എം നടത്തുന്ന സമരം ദുരുദ്ദേശപരമാണെന്നും പിന്നാക്കസമുദായങ്ങളോടുള്ള പാർട്ടിയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും എസ്.ആർ.പി കോട്ടയം ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയം എസ്.എഫ്.ഐ യുടെ പേരുപറഞ്ഞ് പ്രാദേശിക സി.പി.എം നേതാക്കൾ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. സമുദായ അംഗങ്ങൾ കെട്ടുതാലിയും പിടിയരിയും ചോരയും നീരും നൽകി പടുത്തുയർത്തിയ എസ്.എൻ. ട്രസ്റ്റിനെ തകർക്കാൻ ശ്രമിച്ചാൽ സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം കനത്ത വിലനൽകേണ്ടിവരും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടിംഗ് ശതമാനം 8 ആണെങ്കിൽ അടുത്തതവണ അത് 25 ആയി ഉയരും. ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തിൽ താഴത്തങ്ങാടി മത്സരം വള്ളംകളി നടത്താൻ തീരുമാനിച്ച സർക്കാർ നിലപാടിനെയും യോഗം അപലപിച്ചു. ജില്ല പ്രസിഡന്റ് പി.കെ. രാജു, എം.പി. പ്രകാശ്, പി.അമ്മിണിക്കുട്ടൻ, ഡ്വ. ജി നസീർ, പി.പി. രാജേഷ്, മുരളി, പി.കെ. രാജപ്പൻ, കെ.കെ. രാജു എന്നിവർ പ്രസംഗിച്ചു.