ഏറ്റുമാനൂർ : അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്‌തവരുടെ വീട് ആക്രമിക്കാൻ എത്തിയ ഗുണ്ടകൾ പൊലീസ് പെട്രോളിംഗ് സംഘത്തിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ പ്രതിയായ കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫിനെ (21) ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തു. അതിരമ്പുഴ കോട്ടമുറി സ്വദേശി പയസിന്റെ വീട് അടിച്ചു തകർത്ത ശേഷം, വീണ്ടും ആക്രമിക്കാൻ എത്തിയപ്പോഴാണ് കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ പ്രതികൾ പെട്രോൾ ബോംബെറിഞ്ഞത്. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടമുറി പ്രിയദർശിനി കോളനിയ്‌ക്ക് സമീപത്തെ റോഡിലൂടെ യുവാവ് അമിത വേഗത്തിൽ ബൈക്കോടിച്ചതിനെ പയസ് അടക്കമുള്ള പ്രദേശവാസികൾ ചോദ്യം ചെയ്‌തു. തുട‌ർന്ന് ഗുണ്ടാ സംഘങ്ങൾക്കൊപ്പം കുരുമുളക് സ്‌പ്രേയും മാരകായുധങ്ങളുമായി എത്തിയ യുവാവ് പയസിന്റെ വീട് അടിച്ചു പൊളിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ, രാത്രി ഒന്നരയോടെ ബൈക്ക് യാത്രക്കാരനായ യുവാവ് ഗുണ്ടകളെയുമായി പയസിന്റെ വീട് ആക്രമിക്കുന്നതിനായി രണ്ടു കാറുകളിലായി എത്തി. പയസിന്റെ വീട്ടിലേയ്‌ക്കുള്ള ഇടവഴിയിലൂടെ വാഹനം മുന്നോട്ട് പോകുന്നതിനിടെ എതിർവശത്തു നിന്നും പൊലീസ് ജീപ്പ് എത്തി. പൊലീസ് ജീപ്പ് കണ്ട് പ്രതികൾ വാഹനം പിന്നോട്ട് എടുത്തതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയും, സമീപത്തെ മതിലിൽ ഇടിക്കുകയും ചെയ്‌തു. ജീപ്പിൽ നിന്നും എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർ സാബു, ഹോം ഗാ‌ർഡ് ബെന്നി എന്നിവർ ജീപ്പിൽ നിന്നും പുറത്തിറങ്ങി. പൊലീസുകാരെ കണ്ടതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ചു. ഈ സമയം ഗുണ്ടാ സംഘത്തിൽ ഒരാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ ബോംബ് പൊലീസ് സംഘത്തിനു നേരെ എറിഞ്ഞു. ഈ ബോംബ് വന്ന് വീണത് പൊലീസ് ജീപ്പിന് മുകളിലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ തലയുടെ മുകളിലൂടെയാണ് ജീപ്പിൽ വീണ് ബോംബ് പൊട്ടിയത്. തുടർന്ന് പ്രതികൾ ഓടിരക്ഷപെടുകയായിരുന്നു. അക്രമികൾ എത്തിയ വാഹനം രണ്ടും പൊലീസ് പിടിച്ചെടുത്തു. ഇതിനുള്ളിൽ നിന്നും പത്ത് പെട്രോൾ ബോംബും, രണ്ട് വടിവാളുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. പിന്നീട്, പൊലീസ് നടത്തിയ തിരച്ചിലിലാണ് ഗുണ്ടാ സംഘാംഗവും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ ഡെൽവിൻ ജോസഫിനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.