ആൻഡമാൻ ഷിപ്പിംഗ് അധികൃതർ വൈക്കം സന്ദർശിച്ചു
വൈക്കം: ജലഗതാഗതത്തിന് ആധുനിക മുഖം സമ്മാനിച്ച് വൈക്കം. ലോക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് വൈക്കത്തെ ജല ഗതാഗതം. ശബ്ദ ജലമലിനീകരണമില്ലാതെ വേമ്പനാട്ടു കായലിലെ വൈക്കം തവണക്കടവ് ഫെറിയിൽ സർവ്വീസ് നടത്തുന്ന രാജ്യത്തെ ആദ്യ സൗരോജ്യ യാത്രാബോട്ട് ആദിത്യയുടെ പ്രവർത്തന മികവു മനസിലാക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ വൈക്കത്തെത്തി. ജലഗതാഗതത്തിന് ഏറെ പ്രാധാന്യമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ഗതാഗതത്തിന് ബോട്ടുകളും കപ്പലുകളുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. പ്രകൃതി സൗഹൃദമായി സർവ്വീസ് നടത്തുന്നതിന് സൗരോർജ ബോട്ടുകൾ ഏറെ അഭികാമ്യമാണെന്ന ബോധ്യത്തിൽ ആൻഡമാൻ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോഴാണ് വൈക്കത്ത് സർവ്വീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യ പോയി കണ്ടറിയാൻ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ഇന്നലെ വൈകിട്ട് വൈക്കം ഫെറിയിലെത്തിയ അൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷനിലെ ക്യാ്ര്രപൻ രാജേന്ദ്രകുമാർ, അശുതോഷ് പാണ്ഡേ എന്നിവരെ വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ സ്റ്റേഷൻ മാസ്റ്റർ ആനന്ദകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് സോളാർ ബോട്ടിൽ അരമണിക്കൂറോളം കായൽ സവാരി നടത്തിയ ആൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ സോളാറിലെ യാത്ര അനുപമായ അനുഭവമാണെന്ന അഭിപ്രായപ്പെട്ടു.തങ്ങളുടെ നാട്ടിലും സോളാർ ബോട്ടെത്തിക്കുന്നതിനായി സോളാർ ബോട്ടിനെ സംബന്ധിച്ച വിവരങ്ങൾ ജലഗതാഗതവകുപ്പിൽ നിന്നു വാങ്ങി കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള നീക്കത്തിലാണ് ആൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ.ഇതിനകം രാജ്യത്തിനകത്തും പുറത്തും രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദിത്യയുടെ പ്രവർത്തന സവിശേഷതകൾ മനസിലാക്കാൻ 40 ഓളം രാജ്യത്തുള്ളവർ വൈക്കം ഫെറിയിലെത്തി. ഭാരതത്തിലെ ചില സംസ്ഥാനങ്ങളും മറ്റു ചില വിദേശ രാജ്യങ്ങളും സോളാർ ബോട്ടു വാങ്ങുന്നതിനായി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ജലഗതാഗതവകുപ്പിനെ സമീപിച്ചു. ജലഗതാഗത വകുപ്പിന് ആധുനിക മുഖംസമ്മാനിച്ച രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യയും ആദ്യത്തെ ഹൈസ്പീഡ് എസി ബോട്ട് വേഗ 120 ഉം സർവ്വീസ് നടത്തുന്നത് സംസ്ഥാനത്തെ ആദ്യ ഫെറികളിലൊന്നായ വൈക്കത്താണെന്നത് ക്ഷേത്രനഗരിക്കും അഭിമാനകരമായ നേട്ടമാണ്.
40 ഓളം രാജ്യത്തുള്ളവർ വൈക്കം ഫെറിയിലെത്തി.