കോട്ടയം: പാർട്ടി വിരുദ്ധ ആൾക്കൂട്ടയോഗത്തിലൂടെ സ്വയം ചെയർമാനായ ജോസ് കെ. മാണി എടുക്കുന്ന തീരുമാനങ്ങൾ സ്വമേധയാ തൊപ്പി നഷ്ടപ്പെട്ട പൊലീസുകാരൻ വീട്ടിലിരുന്ന് എഫ്.ഐ.ആർ തയ്യാറാക്കുന്നതു പോലെയെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽ.എ പത്രസമ്മേളനത്തിൽ പരിഹസിച്ചു. ചെയർമാൻ കെ.എം മാണിയുടെ മരണ ശേഷം പാർട്ടി യോഗം വിളിക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാൻ ജോസഫിന് മാത്രമാണ് . ജോസ് സ്വയം ചെയർമാനായത് തൊടുപുഴ കോടതി സ്റ്റേ ചെയ്തിരുന്നു .ഇടുക്കി കോടതിയും ഇത് അംഗീകരിച്ചു. ചെയർമാനെന്ന നിലവിലുള്ള നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും പാർട്ടി ഓഫീസിൽ കയറുന്നതും കോടതി വിലക്കിയിരുന്നു .ഇത് ലംഘിച്ച് പി.ജെ.ജോസഫിനും ജോയി എബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയത് കോടതി അലക്ഷ്യമാണ്. ജോസ് വിഭാഗം നടത്തിയ ഹൈപവർ കമ്മിറ്റിയിൽ കോടതി അലക്ഷ്യം ഭയന്ന് അദ്ധ്യക്ഷത വഹിച്ചത് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല .20ന് നടത്താനിരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് കോടതി സ്റ്റേ ചെയ്തത്. 23ന് തൊടുപുഴയിൽ സ്റ്റിയറിംഗ് കമ്മിറ്റി കൂടി ജോസിനെതിരെ കോടതി അലക്ഷ്യ നടപടിയും മറ്റു നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും ചർച്ച ചെയ്യുമെന്ന് മോൻസ് അറിയിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ ചിഹ്നവും വിപ്പും പുറപ്പെടുവിക്കാൻ അധികാരം ജോസഫിനാണ്. യു.ഡി.എഫ് ധാരണ പ്രകാരം ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ രാജി വെക്കണം. പകരം ജോസഫ് വിഭാഗം കൗൺസിലർ സാജൻ ഫ്രാൻസിസിനെ ചെയർമാനായി തിരഞ്ഞെടുക്കാൻ യു.ഡി.എഫ് സംസ്ഥാന സമിതി തീരുമാനിച്ചതയും മോൻസ് അവകാശപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം, ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.