kevin

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ വിധി പ്രഖ്യാപന ദിവസമായ ഇന്നലെ കോടതിയിൽ ഏർപ്പെടുത്തിയത് കനത്ത സുരക്ഷ. പ്രതികളും ഒപ്പമുള്ളവരും അക്രമാസക്തരാകാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണിത്. പതിവായി സബ് ജയിലിൽ നിന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെയാണ് പ്രതികളെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചിരുന്നത്.


എന്നാൽ, ഇന്നലെ പൊലീസ് പരേഡ് മൈതാനത്തെ റോഡിലൂടെ പൊലീസ് വാഹനത്തിലാണ് പ്രതികളെ കൊണ്ടു വന്നത്. തുടർന്ന് കളക്ടറേറ്റിലെ അംഗപരിമിതരുടെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം വാഹനം നിർത്തി കളക്ടറേറ്റിനു മുന്നിലെ വരാന്തയിലൂടെ കോടതിയിലെത്തിച്ചു. ഡിവൈ.എസ്പി ആർ.ശ്രീകുമാർ, സി.ഐമാരായ എം.ജെ അരുൺ, യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസുകാരാണ് കാവലുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിനു സമീപത്തു നിന്നും കോടതിയിലേയ്ക്ക് കയറുന്ന സ്ഥലത്തെ ഗേറ്റ് അടച്ച് രണ്ടു പൊലീസുകാർ കാവൽ നിന്നു. കോടതിയിലേയ്ക്ക് എത്തുന്ന സ്ത്രീകളെ അടക്കമുള്ളവരെ പരിശോധിച്ച ശേഷമാണ് കയറ്റിവിട്ടത്. മാദ്ധ്യമപ്രവർത്തകരെയും, അഭിഭാഷകരെയും പ്രതികളുടെ അടുത്ത ബന്ധുക്കളെയും മാത്രമാണ് കോടതിയിൽ പ്രവേശിപ്പിച്ചത്.


ജഡ്ജി എസ്.ജയചന്ദ്രൻ എത്തിയതിനു പിന്നാലെ, പതിനാല് പ്രതികളും പ്രതിക്കൂട്ടിൽ കയറി നിന്നു. ഒന്നാം പ്രതി ഷാനു ചാക്കോ തന്നെയാണ് ഏറ്റവും മുന്നിൽ നിന്നത്. മറ്റുള്ളവരിൽ നിന്നെല്ലാം വേറിട്ട് അൽപം മാറിയാണ് ചാക്കോ നിന്നത്. വിധി പറയും വരെ ചിരിയോടെയാണ് ഇവർ പ്രതിക്കൂട്ടിൽ നിന്നത്. വിധി പറഞ്ഞെങ്കിലും കാര്യമായ പ്രതികരണമൊന്നും പ്രതികളുടെ മുഖത്തുണ്ടായില്ല.