കോട്ടയം: പൊലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിക്കരഞ്ഞു നിന്ന നീനുവിന്റെ കണ്ണീരിന്റെ പേരിൽ ഏറെ പഴികേട്ട പൊലീസിന് ഇത് ആശ്വാസവിധി. പിടിപ്പുകേടിന് എസ്.ഐ അടക്കം രണ്ടു ഉദ്യോഗസ്ഥരുടെ ജോലി നഷ്ടപ്പെടുത്തിയ ഒന്നാണീ കേസ്. ഒടുവിൽ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തെയും സ്പെഷ്യൽ പ്രോസിക്യൂട്ടറെയും കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ഒരു വർഷവും രണ്ടര മാസവും പൂർത്തിയാകുമ്പോഴാണ് വിധിയുണ്ടാകുന്നത്. കെവിനെ തട്ടിക്കൊണ്ടു പോയപ്പോൾ ആദ്യം പൊലീസ് പുലർത്തിയത് നിസംഗഭാവമായിരുന്നു. നീനുവിന്റെ പരാതി കേൾക്കാതിരുന്നതും, മദ്യപിച്ചെത്തിയ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയതും തുടക്കത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി. അന്ന് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെയും എ.എസ്.ഐ ടി.എം ബിജുവിനെയുമാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം മുഹമ്മദ് റഫീഖിനെയും ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിനെയും സ്ഥലം മാറ്റുകയും ചെയ്തു. തുടർന്നാണ് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയുടേയും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്. ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിക്കായിരുന്നു അന്വേഷണ ചുമതല. പ്രതികളെയെല്ലാം അറസ്റ്റ് ചെയ്ത് അതിവേഗം തന്നെ കുറ്റപത്രം സമർപ്പിക്കാനായി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ തീരുമാനിക്കുകയും ചെയ്തു. പൊലീസിന്റെ ആദ്യ പാപങ്ങളെല്ലാം കഴുകിക്കളയുന്ന വിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
കേസ് നടത്തിപ്പിന് പ്രത്യേക താല്പര്യം കാട്ടിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയനെയും കോടതി അഭിനന്ദിച്ചു. സൂര്യനെല്ലിക്കേസിലും പന്തളം പീഡനക്കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു സി.എസ് അജയൻ. രണ്ടു കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.